നടൻ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികൾക്ക് സുപരിചിതനാണ് ശബരീഷ് വർമ. അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ അദ്ദേഹം ചിത്രത്തിലെ ജഗതി ശ്രീകുമാർ എഴുതിയ വൈറൽ ഗാനം ‘പിസ്‌ത സുമാക്കിറായ’ എന്ന പാട്ട് പാടുകയും ചെയ്തു.
പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവദത്ത് ഷാജി സംവിധാനം ചെയ്‌ത ധീരൻ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കലയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
സ്റ്റാര്‍ഡം എന്നുപറയുന്നത് മണ്ടത്തരമാണെന്നും ആരാധന എന്നുപറയുന്നതിനോട് തന്നെ തനിക്ക് യോജിപ്പില്ലെന്നും ശബരീഷ് വര്‍മ പറയുന്നു. കലയോട് മാത്രമാണ് ആരാധനയെന്നും കലാകാരനെ ആദരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ദൈവവിശ്വാസിയല്ലെന്നും ആരാധിക്കുന്ന ഒരാളല്ലെന്നും നടന്‍ പറയുന്നു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും കലാകാരനെ ആദരിക്കുന്നതാണ് തന്റെ മതമെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു. മതത്തിന് അഭിപ്രായം എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്റ്റാര്‍ഡം എന്നുപറയുന്നത് മണ്ടത്തരമാണ്. ആരാധന എന്നുപറയുന്നതിനോട് തന്നെ എനിക്ക് യോജിപ്പില്ല.. ആരാധന കലയോട് മാത്രമേ പാടുള്ളു. കലാകാരനെ ആദരിക്കുക കലയെ ആരാധിക്കുക. അതാണ് ഞാന്‍ ചെയ്യുന്നത്. പേഴ്‌സണല്‍ ആയിട്ട് ഞാന്‍ ചെയ്യുന്ന കാര്യം അത് മാത്രമാണ്. ‘താങ്കളുടെ കല എന്താണ് അതിനെ ഞാന്‍ ആരാധിക്കുന്നു. താങ്കളെ ആരാധിക്കുന്നില്ല. താങ്കളെ ആദരിക്കുന്നു’.
ഞാനൊരു ദൈവവിശ്വാസിയല്ല. ഞാന്‍ ആരാധിക്കുന്ന ഒരാളല്ല. ഒന്നിനെയും ആരാധിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഇതെന്റെ ചോയിസാണ്. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഞാന്‍ നിങ്ങളുടെ കലയെ റെസ്‌പെക്ട് ചെയ്യുന്നു. അതാണ് എന്റെ മതം. മതം എന്നുപറഞ്ഞാല്‍ മലയാളത്തില്‍ അഭിപ്രായം എന്നൊരു അര്‍ത്ഥം കൂടിയുണ്ട്,’ ശബരീഷ് വര്‍മ പറയുന്നു.
Content Highlight: Shabareesh Varma says that the term stardom is stupid thing