| Saturday, 9th August 2025, 11:18 pm

മമ്മൂക്കയുടെ തൊണ്ടയിടറിയാൽ നമുക്കും സങ്കടം വരും, പോരാളിയാണദ്ദേഹം: ശബരീഷ് വർമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടൻ എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും മലയാളികൾക്ക് സുപരിചിതനാണ് ശബരീഷ് വർമ. അൽഫോൺസ് പുത്രൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറിയ അദ്ദേഹം, ജഗതി ശ്രീകുമാർ എഴുതിയ വൈറൽ ഗാനം ‘പിസ്‌ത സുമാക്കിറായ’ എന്ന പാട്ട് പാട്ടാക്കി ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. പ്രേമത്തിന് വേണ്ടിയും മറ്റ് സിനിമകൾക്ക് വേണ്ടിയും അദ്ദേഹം പാട്ടിന് വരികൾ എഴുതിയിട്ടുണ്ട്.

പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവദത്ത് ഷാജി സംവിധാനം ചെയ്‌ത ധീരൻ എന്ന ചിത്രത്തിലും ശബരീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.

‘കൊറോണ കഴിഞ്ഞപ്പോൾ വലിയൊരു മാറ്റം വന്നു. പല തിരിച്ചറിവുകളുമുണ്ടായി. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്ത് കുറച്ച് നല്ല സിനിമകളും വന്നു. കണ്ണൂർ സ്ക്വാഡും ടർബോയുമൊക്കെ അങ്ങനെ ചെയ്തതാണ്.

ടർബോ ചെയ്യുമ്പോൾ രാജ് ബി.ഷെട്ടി പറഞ്ഞൊരു കാര്യമുണ്ട് ‘ഇങ്ങനെയുള്ള പടങ്ങൾക്കാണ് കൂടുതൽ റീച്ച് കിട്ടുന്നതെന്ന്. സിനിമ കൂടുതൽ ആളുകളിലേക്കെത്തും’ എന്ന്. അത് സത്യമാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്,’ ശബരീഷ് പറയുന്നു.

കരിയറിൽ പ്രേമത്തിനുശേഷം ബ്രേക്ക് നൽകിയത് കണ്ണൂർ സ്ക്വാഡ് ആണെന്നും അവിടം തൊട്ടാണ് അഭിനയത്തെ ഗൗരവമായി സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിക്കും കണ്ണൂർ സ്ക്വാഡിന് മുമ്പും ശേഷവും ജീവിതം മാറിയിട്ടുണ്ടെന്നും തന്നിൽ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ സിനിമകളിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോൾ സന്തോഷമായിരുന്നുവെന്നും ശബരീഷ് പറയുന്നു.

‘സിനിമയ്ക്ക് ആരെയും വേണ്ട, നമുക്കാണ് സിനിമയെ വേണ്ടത് എന്ന അദ്ദേഹത്തിന്റെ വാക്കുകളോട് നൂറുശതമാനവും നീതിപുലർത്തുന്നയാളാണ് അദ്ദേഹം. വലിയ പോരാളി. എത്ര പ്രാവശ്യം വീണിട്ടും, തലമുറകൾ മാറിയിട്ടും അദ്ദേഹം തീവ്രമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയല്ലേ.

വൈകാരികമായ സീനുകളൊക്കെ എങ്ങനെയാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചിട്ടുണ്ട്. കാരണം സ്ക്രീനിൽ മമ്മൂക്കയുടെ തൊണ്ടയിടറിയാൽ നമുക്കും സങ്കടം വരുമല്ലോ. അത് ഫീൽ ചെയ്തുതന്നെ അഭിനയിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്,’ ശബരീഷ് കൂട്ടിച്ചേർത്തു.

Content Highlight: Shabareesh Varma saying that Mammootty Fighter and Passionate Actor

We use cookies to give you the best possible experience. Learn more