| Friday, 22nd August 2025, 1:48 pm

പടക്കളത്തിന് റെഫറന്‍സായി തന്നത് നേരത്തിലെ ആ പാട്ടാണ്: ശബരീഷ് വര്‍മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ശബരീഷ് വര്‍മ. അഭിനേതാവിന് പുറമേ ഗാനരചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. ഇപ്പോള്‍ കവിതകള്‍ എഴുതുമെങ്കിലും സിനിമ പാട്ടുകള്‍ എഴുതുന്നതിനെ പറ്റി താന്‍ ചിന്തിച്ചിരുന്നില്ലെന്ന് ശബരീഷ് പറയുന്നു.

‘അഭിനയവും എഴുത്തുമായിരുന്നു ഇഷ്ടം, അന്നും ഇന്നും. അതിനുവേണ്ടി തന്നെയാണ് പഠിച്ചതും സിനിമയിലേക്ക് വന്നതും. കവിതകളൊക്കെ എഴുതുമെങ്കിലും സിനിമയില്‍ പാട്ടെഴുതുന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചിരുന്നില്ല. നേരത്തില്‍ ‘പിസ്ത സുമാ കിറാ’ എഴുതുമ്പോള്‍പ്പോലും അതേപ്പറ്റി ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്തവം. പ്രേമത്തിലെ പാട്ടുകളെഴുതിയതിനുശേഷമാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഞാന്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണ്.

മലയാളത്തിലെ വൃത്തം, അലങ്കാരം തുടങ്ങി ഭാഷയെപ്പറ്റി കൂടുതലൊന്നും ഞാന്‍ പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പത്തിലേ കുഞ്ഞ് കവിതകളെഴുതും. പ്രേമം ചെയ്യുമ്പോള്‍ അല്‍ഫോണ്‍സ് പറഞ്ഞത് ‘പവിഴംപോല്‍ പവിഴാധ രംപോല്‍’ എന്ന പാട്ടിലെ വരികള്‍ പോലെ, ഭംഗിയുള്ള വാക്കുകള്‍ വേണമെന്നാണ്.

അങ്ങനെയാണ് ‘മലരേ’ എന്ന ഗാനം എഴുതുന്നത്. വേറെ ഒരാളെപ്പോലെ ഞാന്‍ അത് എഴുതുകയായിരുന്നു. കാരണം എന്റെ ഒറിജിനാലിറ്റി, ‘അവള്‍ വേണ്ട ഇവള്‍ വേണ്ട’ എന്ന ടൈപ്പ് പാട്ടുകളെഴുതുന്നതാണ്.’കണ്ണ് ചുവക്കണ്’ എന്ന പാട്ടു പോലെ ‘റോ’ ആയിട്ട് പറയുന്നതാണ് എനിക്കിഷ്ടം.

സ്വതസിദ്ധമായി അങ്ങനെയാണ് വരുന്നത്. ഇപ്പോള്‍ പിന്നെ എഴുതിയെഴുതി ഏതുതരവും എഴുതാമെന്ന ആത്മവിശ്വാസം വന്നു. പടക്കളത്തിലെ ‘വിസില് ബിഗില്’ എന്ന പാട്ട് എഴുതാനിരിക്കെ അതിന്റെ സംവിധായകനും നിര്‍മാതാവ് വിജയ് ബാബുവും പിസ്തപോലത്തെ പാട്ടാണ് റെഫറന്‍സായി തന്നത്. ആദ്യകേള്‍വിയില്‍ പ്രത്യേകിച്ചൊന്നും തോന്നില്ലെങ്കിലും ഈ പാട്ടുകള്‍ക്കെല്ലാം അര്‍ത്ഥമുണ്ട്. അത് ഞാന്‍ പിന്നീടൊരിക്കല്‍ വിശദമാക്കാം,’ശബരീഷ് പറഞ്ഞു.

Content Highlight: Shabareesh  says that although he writes poems, he never thought about writing film songs

We use cookies to give you the best possible experience. Learn more