| Friday, 7th August 2026, 1:50 pm

ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി കോഴിക്കോട് ഉള്ള മാളിൽ പോയി വെറുതെ തിരിഞ്ഞു കളിക്കുമായിരുന്നു: ഷാൻ റഹ്മാൻ

നന്ദന. ടി

സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ മലയാളി പ്രേക്ഷകർക്ക് പരിചിതനാണ് ഷാൻ റഹ്മാൻ. കോഫി അറ്റ് എം ജി റോഡ് എന്ന ആൽബത്തിന് ലഭിച്ച സ്വീകാര്യതയിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. തുടർന്ന് 2009-ൽ പുറത്തിറങ്ങിയ ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി. തട്ടത്തിൻ മറയത്ത്, ഓർമ്മയുണ്ടോ ഈ മുഖം, അടി കപ്യാരെ കൂട്ടമണി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ സിനിമകളിൽ ഷാൻ നിർവഹിച്ച ഗാനങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടിയവയാണ്. ഇപ്പോൾ ആനീസ് കിച്ചൺ എന്ന പരിപാടിയിൽ സംഗീത മേഖലയിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ഷാൻ റഹ്മാൻ.

ഷാൻ റഹ്മാൻ. Photo. Screen grab/ Youtube

തന്റെ കരിയറിന്റെ തുടക്കകാലത്ത് ചെയ്ത ആൽബങ്ങളിലൂടെ ആളുകൾ തിരിച്ചറിയണം എന്നതായിരുന്നു അന്ന് ആഗ്രഹമെന്നും. ചാനലുകളിൽ പാട്ടുകൾ വരുമ്പോൾ തന്റെ ആൽബങ്ങൾ സ്വയം വിളിച്ച് ടിവിയിൽ ഇടീപ്പിക്കാറുണ്ടായിരുന്നു എന്ന രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് ഷാൻ റഹ്മാൻ.

‘ഒരു ഗായകൻ എന്നതിലുപരി സംഗീതസംവിധായകൻ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു അന്ന് എനിക്ക് ആഗ്രഹം. കരിയറിന്റെ തുടക്കകാലത്ത് ഈ ആൽബങ്ങളൊക്കെ ചെയ്തുകൊണ്ടിരുന്ന സമയത്ത് എങ്ങനെയെങ്കിലും ഫേമസ് ആകണം എന്നൊരു ആഗ്രഹം മാനസിലുണ്ടായിരുന്നു.

അന്ന് കോഴിക്കോട്ടെ മാളുകളിലൊക്കെ പോകുമ്പോൾ ആരെങ്കിലും നമ്മളെ തിരിച്ചറിയുന്നുണ്ടോ എന്ന് അറിയാൻ വെറുതെ പോയി തിരിഞ്ഞുകളിക്കാറുണ്ടായിരുന്നു. ചിലരൊക്കെ വന്ന് പരിചയം കാണിക്കുമ്പോൾ സന്തോഷമായിരുന്നു. കാരണം അന്നൊക്കെ എ.സി.വി ടിവിയിലെ ജൂക്ക്ബോക്സ് പരിപാടിയിൽ എന്റെ പാട്ടുകൾ ഏറ്റവും കൂടുതൽ റിക്വസ്റ്റ് ചെയ്തിരുന്നത് ഞാൻ തന്നെയായിരുന്നു,’ ഷാൻ റഹ്മാൻ പറഞ്ഞു.

കുടുംബത്തിലുള്ള എല്ലാവരും പ്രൊഫഷണൽ ജോലി ചെയ്യുന്നവരായതുകൊണ്ട് തന്നെ സംഗീതസംവിധാനമാണ് തന്റെ ജോലിയായി തെരെഞ്ഞെടുക്കുന്നത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടായിരുന്നു എന്നും ഷാൻ ഓർത്തെടുക്കുന്നു.

‘കരിയറിന്റെ തുടക്കസമയത്ത് ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. മഴയത്ത് കരഞ്ഞിട്ട് പോലുമുണ്ട്. കാരണം നമ്മളുടെ പാഷൻ എന്താണെന്ന് അന്ന് ഒരാളെ പറഞ്ഞു മാനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. എന്റെ കുടുംബത്തിലുള്ള എല്ലാവരും ഒന്നുകിൽ ഡോക്ടർമാർ അല്ലെങ്കിൽ എൻജിനീയർമാർ ഒക്കെയാണ്, ആർക്കും സംഗീത മേഖലയുമായി ബന്ധമൊന്നുമില്ല.

അപ്പോൾ ഞാൻ പോയി പാട്ടുണ്ടാക്കണം, മ്യൂസിക് ചെയ്യണം എന്നൊക്കെ പറയുമ്പോൾ അതെന്താണെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. ഞാൻ കർണാടക സംഗീതമൊന്നും പഠിച്ചിട്ടില്ല. ചെറുപ്പത്തിൽ ഒരു കൗതുകത്തിന് കീബോർഡ് പഠിക്കാൻ പോയതായിരുന്നു തുടക്കം, പിന്നെ ബാക്കിയെല്ലാം കഷ്ടപ്പെട്ട് പഠിച്ചെടുക്കുകയായിരുന്നു,’ ഷാൻ റഹ്മാൻ കൂട്ടിച്ചേർത്തു.

ഷാൻ റഹ്മാൻ. Photo. Screen grab/ Youtube

Content Highlight: Shaan Rahman shares memories from the beginning of his career

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more