പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്.എഫ്.ഐ. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ മാലിന്യത്തെ കേരളത്തില്‍ നിന്നും തുടച്ചുനീക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു പി.എസ്. സഞ്ജീവ്.
രാഹുലിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി സോണിയ ഗാന്ധിക്ക് ഒരു ലക്ഷം കത്തുകളയക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തിലെ എസ്.എഫ്.ഐ പ്രതിനിധികളായ വിദ്യാര്‍ത്ഥിനികളായിരിക്കും ഈ കത്തുകളെഴുതുക എന്നും സഞ്ജീവ് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ ഒരു വ്യക്തി തന്റെ സഹപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകളോട് എത്രത്തോളം മോശമായ രീതിയിലാണ് പെരുമാറുന്നത് എന്ന് ഇന്ത്യയിലെ സുപ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നെടുംതൂണായ സോണിയ ഗാന്ധി മനസിലാക്കണമെന്നും സഞ്ജീവ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ മാലിന്യത്തെ എന്നെന്നേക്കുമായി കേരളത്തിന്റെ രാഷ്ട്രീയ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയണമെന്ന ആവശ്യമാണ് തങ്ങള്‍ കത്തുകളില്‍ ഉന്നയിക്കുന്നതെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍, കെ.എസ്.യുവിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ പ്രിയദര്‍ശിനി, കോണ്‍ഗ്രസിന്റെ വനിതാ എം.പിമാര്‍ എന്നിവര്‍ വിഷയത്തില്‍ കൃത്യമായി ഇടപെടണമെന്നും ശക്തമായ നിലപാട് സ്വീകരിക്കണം. ഇയാള്‍ തിരിച്ചുവരികയാണെങ്കില്‍ അത് ഇരകളെ വേട്ടയാടുന്നതിന് തുല്യമായിരിക്കുമെന്നും എസ്.എഫ്.ഐ പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടങ്ങിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത്.
ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന് ആരോപിച്ച് ഒരു വിഭാഗമെത്തിയതോടെയാണ് നേതാക്കള്‍ ചേരി തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയത്. ഇതോടെ ചര്‍ച്ചകള്‍ വിലക്കി വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഓണ്‍ലി ആക്കി.
ഒന്നിന് പിന്നാലെ ഒന്ന് എന്നോണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികള്‍ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരിപ്പോര് ശക്തമായത്. വിഷയത്തില്‍ സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചവര്‍ക്കെതിരെ കടുത്ത ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.
അബിന്‍ വര്‍ക്കി, വി.പി. ദുല്‍ഖിഫില്‍, സ്‌നേഹ എന്നിവര്‍ക്കെതിരെയാണ് ഗ്രൂപ്പില്‍ ആക്രമണമുണ്ടായത്. രാഹുലിനെ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ ഒറ്റുകൊടുത്തു എന്നായിരുന്നു ഗ്രൂപ്പില്‍ ആരോപണമുണ്ടായത്.
രാഹുല്‍ പദവിയില്‍ തുടരരുതെന്ന് പരസ്യമായി ആവശ്യപ്പെട്ട സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച യുവനേതാക്കള്‍ക്ക് നേരെ രൂക്ഷമായ അധിക്ഷേപവും ആക്രമണവുണ്ടായി. ഇവരെ ആക്രമിച്ചപ്പോള്‍ ചില നേതാക്കള്‍ മൗനം പാലിക്കുകയും മറ്റു ചിലര്‍ പ്രതിരോധവുമായി രംഗത്ത് വരികയുമായിരുന്നു.
ബാഹുബലിയെ പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം പങ്കുവെച്ചാണ് ചിലര്‍ പ്രതിഷേധമറിയിച്ചത്. തോളില്‍ കയ്യിട്ട് നടന്നവന്റെ കുത്തിന് ആഴമേറുമെന്നാണ് അടിക്കുറിപ്പോടെയായിരുന്നു ഈ ചിത്രം പങ്കുവെച്ചത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ഗ്രൂപ്പില്‍ ചേരിപ്പോരിന് തുടക്കമിട്ടത് രാഹുല്‍ അനുകൂല പക്ഷത്തുള്ളവരാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
Content highlight: SFI to intensify protest against Rahul Mankoottathil