| Saturday, 4th July 2026, 10:32 pm

ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ എസ്.എഫ്.ഐക്ക്; അഭിനന്ദനവുമായി പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ പാനലിന് ജയം. ഇത് ആദ്യമായാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ എസ്.എഫ്.ഐ നേടുന്നതെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തൃശൂര്‍ അടക്കമുള്ള മെഡിക്കല്‍ കോളേജുകളില്‍ വിജയിച്ച എസ്.എസ്.എഫ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി അഭിനന്ദനമറിയിച്ചത്.

‘ ആരോഗ്യ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം കൈവരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വിജയിച്ചു കയറാന്‍ എസ്.എഫ്.ഐക്കു കഴിഞ്ഞു,’ പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

തൃശ്ശൂരിന് പുറമെ കോഴിക്കോട്, മഞ്ചേരി, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലും എസ്.എഫ്.ഐ ആണ് ഈ തവണ വിജയിച്ചത്. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എസ്.എഫ്.ഐ കോളേജ് യൂണിയന്‍ തലപ്പത്തെത്തുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി ചൂണ്ടിക്കാട്ടി.

മഞ്ചേരി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് യൂണിയനുകള്‍ തിരിച്ചുപിടിച്ചു. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ എസ്എഫ്‌ഐ രാജ്യത്താകെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് അഭിമാനകരമായ ഈ വിജയമെന്നും പിണറായി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണ നീക്കങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളും ക്യാമ്പസുകളും പ്രതിരോധം തീര്‍ക്കുന്നതിന്റെ സൂചന കൂടെ ഈ വിജയത്തിലുണ്ട്.

ക്യാമ്പസുകളെ വര്‍ഗീയ – വിദ്വേഷ ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ജനാധിപത്യത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിക്കല്‍ കോളേജ്, ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയ്ക്കു കീഴിലുള്ള ഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐ വിജയം നേടിയതായി സംഘടനയുടെ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരോഗ്യ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം കൈവരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

ചരിത്രത്തിലാദ്യമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വിജയിച്ചു കയറാന്‍ എസ്എഫ്‌ഐക്കു കഴിഞ്ഞു. നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എസ്എഫ്‌ഐ കോളജ് യൂണിയന്‍ തലപ്പത്തെത്തുന്നത്.

മഞ്ചേരി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് യൂണിയനുകള്‍ തിരിച്ചുപിടിച്ചു. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ എസ്എഫ്‌ഐ രാജ്യത്താകെ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് അഭിമാനകരമായ ഈ വിജയം.

അതോടൊപ്പം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണ നീക്കങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളും ക്യാമ്പസുകളും പ്രതിരോധം തീര്‍ക്കുന്നതിന്റെ സൂചന കൂടെ ഈ വിജയത്തിലുണ്ട്.

ക്യാമ്പസുകളെ വര്‍ഗീയ – വിദ്വേഷ ശക്തികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ജനാധിപത്യത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു.

Content Highlight: SFI Students Union at Thrissur Medical College

We use cookies to give you the best possible experience. Learn more