കോഴിക്കോട്: 23 വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയനില്‍ എസ്.എഫ്.ഐക്ക് ജയം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 10ല്‍ എട്ട് ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വര്‍ഷങ്ങളായി ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ നേടിയിരുന്നത്.
’23 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എസ്എഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്തു’ എന്ന് സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ജനറല്‍ സീറ്റുകള്‍ക്ക് പുറമെ ബാച്ച് റെപ്രസന്ററ്റീവ് സ്ഥാനങ്ങളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ബാച്ച് റെപ്പുകളില്‍ ആറില്‍ അഞ്ചെണ്ണവും എസ്.എഫ്.ഐ നേടി. യു.യു.സി സീറ്റുകളിലും എഫ്.ഐ.വിജയിച്ചു.
സംസ്ഥാന ആരോഗ്യ സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് വൈകിട്ടോടെയാണ് പ്രഖ്യാപിച്ചത്. പരിയാരാം, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലും എസ്.എഫ്.ഐ വിജയിച്ചതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.
രണ്ട് വര്‍ഷത്തിന് ശേഷമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ വിജയിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എം. ശിവ പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നാല് വര്‍ഷത്തിന് ശേഷമാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐ യൂണിയന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: SFI Students Union at Kozhikode Medical College After More than Two Decades