| Saturday, 16th August 2025, 8:02 pm

എം.എസ്.എഫ് ഏറ്റവും വലിയ വര്‍ഗീയ സംഘടന, എസ്.ഡി.പി.ഐയുടെയും ക്യാമ്പസ് ഫ്രണ്ടിന്റെയും ബാക്കിപത്രം: എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എം.എസ്.എഫിനെയും സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ സംഘടനയാണ് എം.എസ്.എഫ് എന്നും എസ്.ഡി.പി.ഐയുടെയും നിരോധിക്കപ്പെട്ട ക്യാമ്പസ് ഫ്രണ്ടിന്റെയും ബാക്കിപത്രമാണ് എം.എസ്.എഫ് എന്നായിരുന്നു സഞ്ജീവിന്റെ വിമര്‍ശനം.

പാലക്കാട് വെച്ച് നടന്ന രക്തസാക്ഷി മുഹമ്മദ് മുസ്തഫ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന പി. സഞ്ജീവ്.

‘കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വര്‍ഗീയവാദ സംഘടനയാണ് എം.എസ്.എഫ്. നിങ്ങളുടെ പേര് മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്നാണ്. സ്വത്വ ബോധമൊന്നുമല്ല എം.എസ്.എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്‌ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എം.എസ്.എഫ്.

പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടില്‍ അക്രമം നടത്തുന്ന എസ്.ഡി.പി.ഐക്കാരുടെയും നിരോധിച്ച ക്യാമ്പസ് ഫ്രണ്ടിന്റെയും ബാക്കി പത്രമാണ് എം.എസ്.എഫ്. പി.കെ. നവാസ് എന്നാന്തരം വര്‍ഗീയവാദിയാണ്. ഇത് ഞങ്ങള്‍ എവിടെയും പറയും. അതിന് നവാസിന്റെ ലൈസന്‍സ് വേണ്ട. കേരളം കണ്ട ഏറ്റവും വലിയ തെറ്റായ രാഷ്ട്രീയമാണ് അവര്‍ കൈകാര്യം ചെയ്യുന്നത്, സഞ്ജീവ് പറഞ്ഞു.

പി.എസ്. സഞ്ജീവ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിജയത്തില്‍ എസ്.എഫ്.ഐയെ അങ്ങ് മുക്കിത്താഴ്ത്താമെന്നാണോ എം.എസ്.എഫും നവാസും കരുതിയിരുന്നത് എന്നും സഞ്ജീവ് ചോദിച്ചു. അതിന് മാത്രം പി.കെ. നവാസ് വളര്‍ന്നിട്ടില്ലെന്നും സഞ്ജീവ് പരിഹസിച്ചു.

ലീഗ് മാനേജ്മെന്റുള്ള കോളജുകളില്‍ തെരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിന്‍പുറത്തെ അറബി കോളേജുകളിലെയും യു.യു.സിമാരെ ഉപയോഗിച്ചാണ് എം.എസ്.എഫ് കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ വെല്ലുവിളിക്കുന്നതെന്നും ചെറിയ കുട്ടികളുടെ മനസിലേക്ക് പോലും എം.എസ്.എഫ് വര്‍ഗീയത ഓതിക്കൊടുക്കുകയാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

പി.കെ. നവാസ്

മതേതരത്വമുള്ള ക്യാമ്പസുകളിലെത്തുമ്പോള്‍ എം.എസ്.എഫ് യു.ഡി.എസ്.എഫ് ആയി മാറുകയാണെന്നും സഞ്ജീവ് പറഞ്ഞു.

‘കേരളത്തിലെ പതിനാല് ജില്ലകളിലെ 90 ശതമാനം വരുന്ന സ്‌കൂളുകളിലും സര്‍വകലാശാലകളിലും എസ്.എഫ്.ഐയാണ്. ഇവിടെയൊന്നും എം.എസ്.എഫിന് കടന്നുവരാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

മതവര്‍ഗീയവാദം മാത്രം കൈമുതലുള്ള സംഘടനയ്ക്ക് എങ്ങനെയാണ് കടന്നുവരാന്‍ കഴിയുക. ആ എം.എസ്.എഫാണോ എസ്എഫ്ഐക്ക് ക്ലാസ് എടുക്കുന്നത്? അതിന് മാത്രം എം.എസ്.എഫ് വളര്‍ന്നോ?

മതവര്‍ഗീയവാദം പറയാന്‍ കഴിയാത്ത, നിങ്ങളുടെ മാനേജ്മെന്റല്ലാത്ത കോളേജുകളില്‍ എം.എസ്.എഫ് യു.ഡി.എസ്.എഫ് ആകുന്നത് എന്തുകൊണ്ടാണ്? അവിടെ നിങ്ങള്‍ക്ക് കെ.എസ്.യുവിനെ ആവശ്യമുണ്ട്. കെ.എസ്.യുവിനെ എം.എസ്.എഫ് വിഴുങ്ങുകയാണ്.

ആ എം.എസ്.എഫിനെ എസ്.ഡി.പി.ഐയും സി.എഫ്.ഐയും വിഴുങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലെയുള്ളവര്‍ എംഎസ്എഫിന്റെ നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്,’ സഞ്ജീവ് പറഞ്ഞു.

Content Highlight: SFI state secretary PS Sanjeev slams MSF and PK Navas

We use cookies to give you the best possible experience. Learn more