| Saturday, 18th October 2025, 5:20 pm

മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ല: എം. ശിവപ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനെതിരെ എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്. ആര്‍.എസ്.എസിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ നേര്‍ക്കുന്നേര്‍ നിന്ന് പ്രതിരോധിക്കാന്‍ ലീഗിന്റെ രാഷ്ട്രീയത്തിന് കഴിയില്ലെന്ന് തെളിയിക്കപ്പെടുകയാണെന്നും, അധികാര കസേരക്ക് ചുറ്റും വട്ടമിട്ട് പറക്കാനല്ലാതെ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

മാത്രമല്ല ലീഗ് കൂടിയുള്ള യു.ഡി.എഫ് മുന്നണിയുടെ എറണാകുളം എം.പി ശ്രീ ഹൈബി ഈഡന്‍ ഈ വിഷയത്തില്‍ ഹിജാബില്ലാതെ കുട്ടി എത്താം എന്ന ഒത്തുതീര്‍പ്പ് കോണ്‍ഗ്രസ് തീരുമാനമാണോ അതോ കുഞ്ഞാലിക്കുട്ടിയുള്‍പ്പെട്ടവരുടെ തീരുമാനമാണോ എന്നും ശിവപ്രസാദ് ചോദിച്ചു. കൂടാതെ ലീഗിന്റെ പരിധി മറച്ചുപിടിക്കാനാണ് എല്‍.ഡി.എഫിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവന നല്ലതെന്നും, പക്ഷെ എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ ഒരു കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

ലീഗ് ഇടപെടാന്‍ വൈകിയിട്ടില്ലെന്നും ഈ വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ വിഷയം അസഹിഷ്ണുതയുടെ ഉദാഹരണമാണെന്നും കേരളത്തിന് അപമാനമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാത്രമല്ല ക്ഷുദ്രശക്തികള്‍ വിഷയം ഊതിവീര്‍പ്പിക്കാന്‍ ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തിരുന്നു.

എം. ശിവപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൗതുകം’

കുഞ്ഞാലിക്കുട്ടി സാഹിബ് പ്രതിപക്ഷ നേതാവാകാനുള്ള തത്രപ്പാടില്‍ ഇന്ന് പറഞ്ഞത് ഗംഭീരമായിട്ടുണ്ട്!
LDF ഗവണ്‍മെന്റിനെതിരെ സംസാരിക്കാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തിന്റെ പത്തിലൊന്ന് ആ പെണ്‍കുട്ടിയ്ക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ കാണിച്ചിട്ടാണ് ഇത് പറഞ്ഞതെങ്കില്‍ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടില്ലായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗിന്റെ കേരളത്തിലെ പരിമിതി.

കേരളം മനസിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. RSS ന്റെ വര്‍ഗീയ രാഷ്ട്രീയത്തെ നേര്‍ക്കുന്നേര്‍ നിന്ന് പ്രതിരോധിക്കാന്‍ ലീഗിന്റെ രാഷ്ട്രീയത്തിന് ആവില്ല എന്ന് തെളിയിക്കപ്പെടുകയാണ്. അധികാര കസേരക്ക് ചുറ്റും വട്ടമിട്ട് പറക്കാന്‍ അല്ലാതെ മുസ്ലിം ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ലീഗിന് സാധിക്കില്ല. ഈ പരിമിതി മറച്ചു വെയ്ക്കാനാണ് ഇപ്പോള്‍ LDF നെതിരെ ആരോപണവുമായി ഇറങ്ങിയിരിക്കുന്നത്.

ഇനി മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടി സാഹിബും മറുപടി പറയേണ്ട ഒരു വിഷയമുണ്ട്. ലീഗ് കൂടിയുള്ള UDF മുന്നണിയുടെ എറണാകുളം MP ശ്രീ ഹൈബി ഈഡന്‍ ഈ വിഷയത്തില്‍ ഹിജാബില്ലാതെ കുട്ടി എത്താം എന്ന ഒത്തുതീര്‍പ്പ് കോണ്‍ഗ്രസ് തീരുമാനമാണോ അതോ നിങ്ങളും കൂടി ചേര്‍ന്നെടുത്ത തീരുമാനമോ? ഈ ചോദ്യത്തിന് ആദ്യം മറുപടി പറഞ്ഞിട്ട് വേണം ആരോപണവുമായി ഇറങ്ങാന്‍!

Content Highlight: SFI state president M. Sivaprasad opposed the response of Muslim League national general secretary P.K. Kunhalikutty

Latest Stories

We use cookies to give you the best possible experience. Learn more