| Saturday, 12th July 2025, 3:44 pm

ഏത് സ്‌കൂളില്‍ പഠിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി നേതാവിന്റെ കാല് കഴുകിച്ചത്? ശിവപ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗുരുപൂജയുടെ പേരില്‍ വിദ്യര്‍ത്ഥികളെ കൊണ്ട് കാല് കഴുകിച്ച ബി.ജെ.പി നേതാവിന്റെ ചിത്രം പുറത്തുവിട്ട് എസ്.എഫ്.ഐ. ബി.ജെ.പിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും നൂറനാട്ട് പഞ്ചായത്ത് മെമ്പറുമായ അനൂപാണ് ഗുരുപൂജയുടെ പേരില്‍ സ്‌കൂളിലെത്തിയത്.

ആലപ്പുഴ ജില്ലയിലെ ഇടത്തോണ്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠത്തിലാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് ബി.ജെ.പി നേതാവിന്റെ കാല് കഴുകിച്ചത്. ഏത് വിദ്യാലയത്തില്‍ പഠിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് ബി.ജെ.പി നേതാവിന്റെ കാല്‍ കഴുകിച്ചതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം.

ബി.ജെ.പി നേതാവിന്റെ കാല്‍ കഴുകിച്ചതില്‍ ആര്‍.എസ്.എസും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സ്‌കൂളും പൊതുസമൂഹത്തിന് വിശദീകരണം നല്‍കണമെന്നും ശിവപ്രസാദ് പറഞ്ഞു. അധ്യാപകരെ ആദരിക്കുന്നു എന്ന പേരില്‍ കേരളത്തിനുള്ളില്‍ വരേണ്യവ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തുന്നത്. ഇത് പൊതുസമൂഹം മനസിലാക്കണം. പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, രക്ഷിതാക്കളെ, നിങ്ങള്‍ വ്യക്തിപരമായി ആരാധിക്കുന്ന വിശ്വാസത്തെ ആര്‍.എസ്.എസ് ചൂഷണം ചെയ്യുകയാണെന്നും ശിവപ്രസാദ് പറഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങളെ കൊണ്ട് ബി.ജെ.പി നേതാക്കളുടെ ഉള്‍പ്പെടെ കാലുകള്‍ കഴുകിപ്പിക്കുന്ന സമീപനം കേരളത്തിലെ സ്‌കൂളുകള്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു. അപരിഷ്‌കൃതമായ നടപടികള്‍ സ്വീകരിക്കാന്‍, കുട്ടികളെ നിര്‍ബന്ധിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ശിവപ്രസാദ് പറഞ്ഞു.

കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥത്തില്‍ വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയത്തിലേക്ക് കേരളത്തെ തിരിച്ചെത്തിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മനുസ്മൃതി കേരളത്തിന്റെ ഭരണഘടനയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. മനുസ്മൃതിയിലെ ഒരു വാചകം ആര്‍.എസ്.എസ് കേരളത്തില്‍ പറയാറില്ല. പക്ഷെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ അവര്‍ പറയാറുമുണ്ട്. ‘പിതോരക്ഷതി കൗമാരേ ഭര്‍ത്രോ രക്ഷതി യൗവനേ പുത്രോ രക്ഷതി വാര്‍ധക്യേ ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി’ എന്നാണ് ആ വാചകം. ഒരു സ്ത്രീയും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാണ് ആര്‍.എസ്.എസിന്റെ തത്വശാസ്ത്രം. ആ തത്വശാസ്ത്രം കേരളത്തോട് വിശദീകരിക്കാന്‍ ആര്‍.എസ്.എസിന് ധൈര്യമുണ്ടോയെന്നും ശിവപ്രസാദ് ചോദിച്ചു.

ഇത്തരത്തിലുള്ള തത്വശാസ്ത്രങ്ങള്‍ നമ്മുടെ കുട്ടികളുടെ തലയിലേക്ക് നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ശിവപ്രസാദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ കാസര്‍ഗോഡ് ബന്തടുക്ക സ്‌കൂളിലും പാദപൂജ നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബന്തടുക്ക കാക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ്വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlight: SFI react foot worship in alappuzha

We use cookies to give you the best possible experience. Learn more