പാലക്കാട്: ബലാത്സംഗക്കേസിന് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ. ക്രിമിനല്‍ ലുക്ക്ഔട്ട് നോട്ടീസുമായാണ് പ്രവര്‍ത്തകര്‍ പ്രധിഷേധിച്ചത്.
‘വാണ്ടഡ്, ക്രിമിനല്‍ ലുക്ക് ഔട്ട് നോട്ടീസ്’ എന്നെഴുതി രാഹുലിന്റെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചാണ് എസ്.എഫ്.ഐ പ്രതിഷേധിക്കുന്നത്. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയും വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് പ്രതിഷേധിച്ചത്.
പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡിലണ് പ്രതിഷേധം നടന്നത്. കടകളിലും ആളുകളിലും രാഹുലിന്റെ പോസ്റ്റര്‍ വിതരണം ചെയ്താണ് എസ്.എഫ്.ഐ പ്രതിഷേധിക്കുന്നത്. ബസിനുള്ളില്‍ കയറിയ പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്കും നോട്ടീസ് നല്‍കി.
നേരത്തെ മഹിളാ നേതാക്കളുടെ നേതൃത്വത്തിലും സംഘടന പ്രതിഷേധിച്ചിരുന്നു. വാണ്ടഡ് എന്ന പോസ്റ്റര്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മഹിളാ നേതാക്കളും പ്രതിഷേധം അറിയിച്ചത്. പെണ്‍കുട്ടി മുഖ്യ മന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷം എം.എല്‍.എ ഓഫീസിന് മുന്നിലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു.
ബലാത്സംഗവും ഗര്‍ഭഛിദ്രവുമടക്കമുള്ള ഗുരുതര കുറ്റങ്ങളുള്‍പ്പെടെ ഗുരുതര കുറ്റങ്ങളാണ് ഒളിവില്‍ പോയ രാഹുലിനെതിരെ ചുമത്തിയത്. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ രാഹുല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു.
രാഹുല്‍ സംസ്ഥാനം വിടാനും വിദേശത്തേക്ക് കടക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റേതോ വാഹനത്തിലാണ് രാഹുല്‍ കടന്നത്.