പുനലൂര്‍: സി.പി.ഐ എം.എല്‍.എ പി.എസ്. സുപാലിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ. പുനലൂര്‍ എസ്.എന്‍ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിനെ പരാജയപ്പെടുത്തി എസ്.എഫ്.ഐ വിജയിച്ചിരുന്നു.
ഇതിനുപിന്നാലെ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി കൂടിയായ പി.എസ്. സുപാലിനെ പരിഹസിച്ച് എസ്.എഫ്.ഐ ബാനര്‍ ഉയര്‍ത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിലാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.
‘സുപാല്‍ അടവ് പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ പ്രസ്ഥാനമാണ് എസ്.എഫ്.ഐ’ എന്നെഴുതിയ ബാനറുമായാണ് എസ്.എഫ്.ഐ പ്രകടനം നടത്തിയത്. ‘ആളറിഞ്ഞ് കളിക്കണ്ടേ എം.എല്‍.എ സാറേ’ എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്.
പി.എസ്. സുപാലിനെതിരായ എസ്.എഫ്.ഐയുടെ പ്രതിഷേധത്തിന് പിന്നാലെ മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെ പരസ്യമായി പ്രതികരിക്കാന്‍ തെരുവിലിറങ്ങുമെന്ന് എ.ഐ.എസ്.എഫ് കൊല്ലം ജില്ലാ സെക്രട്ടറി ജോബിന്‍ ജേക്കബ് പറഞ്ഞു.
‘പുനലൂരില്‍ ഇല്ലാത്ത ഒരു രാഷ്ട്രീയ മര്യാദയും ഈ ജില്ലയില്‍ വേറെ എവിടെയും ഇല്ല. അങ്ങനെ ഒരു ഇടതുപക്ഷ ഐക്യവും ഞങ്ങള്‍ക്ക് വേണ്ടാ താനും,’ ജോബിന്‍ ജേക്കബ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ കെ.എസ്.യുവും എം.എസ്.എഫും തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു.
ഇരുവിദ്യാര്‍ത്ഥി സംഘടനകളും സഖ്യമായി മത്സരിച്ച കോളേജുകളില്‍ പരസ്പരം വോട്ട് മറിച്ചെന്ന് അടക്കം ആരോപിച്ചായിരുന്നു വാക്കുതര്‍ക്കം. വയനാട്ടില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി. സിദ്ദിഖിനും ഐ.സി. ബാലകൃഷ്ണനുമെതിരെ പരസ്യമായാണ് എം.എസ്.എഫ് രംഗത്തെത്തിയത്.
അതേസമയം കൊടുവള്ളി കെ.എം.ഒ കോളേജ് എം.എസ്.എഫില്‍ നിന്ന് പിടിച്ചെടുത്ത കെ.എസ്.യു പരസ്യമായി ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.
‘എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് കെ.എം.ഒയിലെ കെ.എസ്.യു നേതൃത്വം ഇന്നലെ ആഹ്ലാദ പ്രകടനം നടത്തിയത്. ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐ-എ.ഐ.എഫ്.എഫ് തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്.
Content Highlight: SFI protests against CPI MLA PS Supal