കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച യു.ഡി.എഫ് എം.എല്‍.എ ജി. സുധാകരനെതിരെ കാര്യമായ വിമര്‍ശനങ്ങളോ പ്രതിഷേധങ്ങളോ മാധ്യമരംഗത്ത് നിന്ന് പോലും ഉയര്‍ന്നുവരാത്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ്.
മാധ്യമങ്ങള്‍ക്കൊരു തുറന്ന കത്ത് എന്ന് പേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശിവപ്രസാദ് വിമര്‍ശനമുന്നയിച്ചത്.
പത്ര സമ്മേളനത്തില്‍ ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ മനീഷ് മഹിപാല്‍ എന്ന മാധ്യമ പ്രവര്‍ത്തകനോട് ജി. സുധാകരനും പങ്കാളി ജൂബിലി ടീച്ചറും ‘ഇത് തേഡ് റേറ്റ് പണിയാണ്’ എന്ന് വിളിച്ച് പറഞ്ഞിട്ട് 24 മണിക്കൂര്‍ തികയുന്നു. പത്ര പ്രവര്‍ത്തക യൂണിയന്റെ ഒരു പ്രസ്താവന അല്ലാതെ ഇടതുപക്ഷത്തിന് എതിരെ സാധാരണയായി ആത്മരോഷം കൊണ്ട് ജ്വലിക്കുന്ന ഒരു മാധ്യമ പ്രമുഖനും ഇത് വരെ പ്രതികരിച്ചുകണ്ടിട്ടില്ല. ഒരാള്‍ യു.ഡി.എഫ് ആയാല്‍ എന്തുമാകാം എന്ന കാരുണ്യം നിര്‍ബാധം തുടരുകയാണ് ഇപ്പോഴും മാധ്യമങ്ങളെന്നായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം.
‘ഇടതുപക്ഷം എല്ലാ വിമര്‍ശനങ്ങളേയും സ്വീകരിക്കുന്ന പക്ഷമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തേക്കാള്‍ ആവേശത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയ മാധ്യമ സംഘത്തെ നാം കണ്ടതാണ്. എങ്ങനെയും ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്ന ഒറ്റ ചിന്തയില്‍ ചെറിയ കാര്യങ്ങളെ പോലും പര്‍വതീകരിച്ചും, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്തകളായി പ്രചരിപ്പിച്ചും ഓവര്‍ടൈം പണിയെടുത്ത് ക്ഷീണിച്ചിരിക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ ഗൗരവമുള്ളതാണെന്ന് തോന്നാനേ സാധ്യത ഇല്ല,’ ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിപ്പിലെഴുതി.
ഇടതുപക്ഷ നേതാക്കന്‍മാരുടെ കുടുംബാംഗങ്ങളെ കൊത്തിവലിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ചിട്ടുള്ള താത്പര്യം മാധ്യമപ്രവര്‍ത്തകനെ ആക്ഷേപിക്കാന്‍ തീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ വാക്കുകള്‍ പറഞ്ഞുകൊടുത്ത ജി. സുധാകരന്റെ ഭാര്യക്കെതിരെ മാധ്യമങ്ങള്‍ നടത്തില്ല എന്നറിയാമെന്നും വായില്‍ തുപ്പിയാലും തുപ്പുന്നത് യു.ഡി.എഫ് ആണെങ്കില്‍ അമൃതായി കാണുന്ന വലതു മാധ്യമ പ്രവര്‍ത്തന ശൈലി പുതിയകാലത്തെ മാധ്യമ ധാര്‍മികതയായി വാഴ്ത്തപ്പെടട്ടെയെന്നും എസ്.എഫ്.ഐ നേതാവ് വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിക്കെതിരെ ജി. സുധാകരനും ഭാര്യയും അധിക്ഷേപ പരാമര്‍ശനം നടത്തിയത്.
മുന്‍ എം.എല്‍.എ യു. പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘തേഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുതെ’ന്നായിരുന്നു അധിക്ഷേപം. സുധാകരന്റെ ഭാര്യയും റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ തന്റെ സ്റ്റുഡന്റായിരുന്നു, തേഡ് റേറ്റ് എന്നായിരുന്നു സുധാകരന്റെ പങ്കാളിയുടെ പ്രതികരണം. പിന്നാലെ തേഡ് റേറ്റിനും താഴെയെന്ന് സുധാകരനും അധിക്ഷേപിച്ചു.
ഈ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ ആവശ്യപ്പെട്ടിരുന്നു.
ശിവപ്രസാദിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
മാധ്യമങ്ങള്‍ക്ക് ഒരു തുറന്ന കത്ത്.
യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രമുഖ നേതാവ് ശ്രീ. ജി. സുധാകരന്‍ മുന്നണിയിലും ഭാര്യ ജൂബിലി ടീച്ചര്‍ പിന്നണിയിലും നിന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ മനീഷ് മഹിപാല്‍ എന്ന മാധ്യമ പ്രവര്‍ത്തകനോട് ‘ഇത് തേഡ് റേറ്റ് പണിയാണ്’ എന്ന് വിളിച്ച് പറഞ്ഞിട്ട് 24 മണിക്കൂര്‍ തികയുന്നു.
പത്ര പ്രവര്‍ത്തക യൂണിയന്റെ ഒരു പ്രസ്താവന അല്ലാതെ ഇടതുപക്ഷത്തിന് എതിരെ സാധരണയായി ആത്മരോഷം കൊണ്ട് ജ്വലിക്കുന്ന ഒരു മാധ്യമ പ്രമുഖനും ഇത് വരെ പ്രതികരിച്ചുകണ്ടിട്ടില്ല. ഒരാള്‍ യു.ഡി.എഫ് ആയാള്‍ എന്തുമാകാം എന്ന കാരുണ്യം നിര്‍ബാധം തുടരുകയാണ് ഇപ്പോഴും മാധ്യമങ്ങള്‍.
ഇടതുപക്ഷം എല്ലാ വിമര്‍ശനങ്ങളേയും സ്വീകരിക്കുന്ന പക്ഷമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തേക്കാള്‍ ആവേശത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയ മാധ്യമ സംഘത്തെ നാം കണ്ടതാണ്.
എങ്ങനെയും ഇടതുപക്ഷത്തെ തോല്‍പ്പിക്കണമെന്ന ഒറ്റ ചിന്തയില്‍ ചെറിയ കാര്യങ്ങളെ പോലും പര്‍വ്വതീകരിച്ചും, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വാര്‍ത്തകളായി പ്രചരിപ്പിച്ചും ഓവര്‍ടൈം പണിയെടുത്ത് ക്ഷീണിച്ചിരിക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ ഗൗരവമുള്ളതാണെന്ന് തോന്നാനേ സാധ്യത ഇല്ല.
ഇടതുപക്ഷ നേതാക്കന്‍മാരുടെ കുടുംബാംഗങ്ങളെ കൊത്തിവലിക്കാന്‍ മാധ്യമങ്ങള്‍ കാണിച്ചിട്ടുള്ള താല്‍പര്യം മാധ്യമപ്രവര്‍ത്തകനെ ആക്ഷേപിക്കാന്‍ തീയില്‍ എണ്ണ ഒഴിക്കുന്നതു പോലെ വാക്കുകള്‍ പറഞ്ഞുകൊടുത്ത ശ്രീ. ജി സുധാകരന്റെ ഭാര്യക്കെതിരെ മാധ്യമങ്ങള്‍ നടത്തില്ല എന്നറിയാം.
വായില്‍ തുപ്പിയാലും തുപ്പുന്നത് യു.ഡി.എഫ് ആണെങ്കില്‍ അമൃതായി കാണുന്ന വലതു മാധ്യമ പ്രവര്‍ത്തന ശൈലി പുതിയകാലത്തെ മാധ്യമ ധാര്‍മികതയായി വാഴ്ത്തപ്പെടട്ടെ!
Content highlight: SFI President Sivaprasad criticizes journalists