തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ ചിന്തകന്‍ ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന് പറഞ്ഞ ശവത്തിനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാവണമെന്ന് ശിവപ്രസാദ് ആവശ്യപ്പെട്ടു. ഇത്തരം മാനസ്സിക രോഗികളെ നാട്ടില്‍ ഇറങ്ങി നടക്കാന്‍ പൊതു സമൂഹം അനുവദിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
താനായിരുന്നു കേന്ദ്ര സര്‍ക്കാരിന് പകരം സമരത്തെ കൈകാര്യം ചെയ്തിരുന്നതെങ്കില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെടിവെക്കാന്‍ ഉത്തരവിടുമെന്നും ആ വെടിവെപ്പില്‍ ചിലര്‍ മരിക്കുമായിരുന്നുവെന്നുമായിരുന്നു മോഹന്‍ ദാസിന്റെ വിദ്വേഷ പരാമര്‍ശം.
‘എനിക്ക് ഈ സിറ്റുവേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്തു ചെയ്യും എന്ന് നിങ്ങളോട് പറയാം. ഞാന്‍ ആ പ്രദേശത്ത് കര്‍ഫ്യൂ ചുമത്തും. ജന്തര്‍ മന്ദര്‍ പരിസരത്ത് ഒരു നാല് സ്‌ക്വയര്‍ കിലോമീറ്ററില്‍ കര്‍ഫ്യൂ ചുമത്തും.
ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്നു തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും.
ആളുകള്‍ ചിതറിയോടും. കുറെ പേര് മരിക്കും. കുറേ പേര് മരിക്കില്ല. കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലു മണിക്കൂര്‍ കൊണ്ട് ഈ രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കും.
കുറേ കാര്യങ്ങള്‍ നടക്കും. ഇപ്പോള്‍, ശരി ഞാന്‍ ഇങ്ങനെ ചെയ്യുന്നത് ഒരു പരിഹാരം ആണ്. പ്രക്ഷോഭം ഒക്കെ അടിച്ചമര്‍ത്താന്‍ പറ്റും. ‘ എന്നാണ് യൂട്യൂബിലും ഫേസ്ബുക്കിലും അപ് ലോഡ് ചെയ്ത ഒരു വീഡിയോയില്‍ മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്.
ജന്തര്‍ മന്ദര്‍ സമരത്തില്‍ പങ്കെടുത്ത യുവാക്കള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളും മോഹന്‍ദാസ് നടത്തിയിരുന്നു. ‘വോക്ക് രാഷ്ട്രീയം പറയുന്നവര്‍ എന്ത് ഹീനകൃത്യവും ചെയ്യും’ എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് മോഹന്‍ദാസ് നടത്തിയത്.
‘അട്ടിമറി നടത്തിയാല്‍ ജനങ്ങള്‍ എതിരാകും എന്ന് സി.ജെ.പിക്കും ഒപ്പമുള്ളവര്‍ക്കും അറിയാം. അതിനുപകരം ഇവര് പ്ലാന്‍ ചെയ്തിരുന്നത് ഈ എട്ടും പൊട്ടും തിരിയാത്ത ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും ഇളക്കിവിടാനാണ്.
വോക്ക് തലയില്‍ കയറിയാല്‍ പിന്നെ അറുതല തുള്ളുന്ന പോലെയാണ്. പിന്നെ എന്തും ചെയ്യും. എന്ത് ഹീനകൃത്യം ചെയ്യും. ഇവരെ ആത്മഹത്യ ചെയ്യിക്കാന്‍ വളരെ എളുപ്പമാണ്. തലയില്‍ മണ്ണെണ്ണയോ പെട്രോള ഒഴിച്ചിട്ട് തീ കൊളുത്തുക.
ചെറുപ്പക്കാര്‍ പട്ടണങ്ങളില്‍ മാതൃകാപരമായിട്ട് എല്ലാവരും കാണുകെ തലയില്‍ മണ്ണെണ്ണ ഒഴിച്ചോ പെട്രോള്‍ ഒഴിച്ചോ തീ കൊളുത്തി എന്ന് വെക്കുക. അത് ഹാന്‍ഡില്‍ ചെയ്യാനും മാര്‍ഗങ്ങളുണ്ട്,’ എന്നായിരുന്നു സംഘപരിവാര്‍ ചിന്തകന്റെ പരാമര്‍ശം.
Content Highlight: SFI Leader M Sivaprasad Demands Legal Action against TG Mohandas’s Hate Comments Against Jantar Mandar Protest