| Tuesday, 8th July 2025, 7:55 pm

കേരള സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. 27 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കണ്ടാലറിയുന്ന ആയിരം പേര്‍ക്കുമെതിരെയുമാണ് കേസ്. പി.ഡി.പി.പി ആക്ട് പ്രകാരമാണ് നടപടി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവാണ് കേസിലെ ഒന്നാംപ്രതി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

പൊതുമുതല്‍ നശിപ്പിച്ചതിലും സര്‍വകലാശാലയിലെ ജീവനക്കാരെയും പൊലീസിനെയും ദ്രോഹം ഏല്‍പ്പിച്ചതിലുമാണ് നടപടി. ഗവര്‍ണര്‍ നിയമിച്ചിട്ടുള്ള വൈസ് ചാന്‍സിലര്‍മാര്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ വലതുവത്ക്കരിക്കാനുള്ള ആര്‍.എസ്.എസിന്റെ ആയുധങ്ങളാണെന്നും ഇവര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.

സര്‍വകലാശാല ആസ്ഥാനം കീഴടക്കി മുന്നേറിയ പ്രവര്‍ത്തകര്‍ പൊലീസിന്റെ പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് ഇരച്ച് കയറിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ പി.എസ്. സഞ്ജീവിനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെയും സഞ്ജീവിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ  പൊലീസ് ലാത്തി വീശിയിരുന്നു.

ഇതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കേരള സര്‍വകലാശാലയില്‍ എത്തി. എസ്.എഫ്.ഐയുടെ സമരത്തിന് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സര്‍വകലാശാലയിലെ ആര്‍.എസ്.എസിന്റ തീട്ടൂരം വെച്ച് പൊറുപ്പിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേരള സര്‍വകലാശാലയ്ക്ക് പുറമെ കാലിക്കറ്റ്, കണ്ണൂര്‍. എം.ജി സര്‍വകലാശാലകളിലും ഇന്ന് (ചൊവ്വ) എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലേക്ക് നടന്ന പ്രതിഷേധം ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലുമാണ് അവസാനിച്ചത്.

Content Highlight: Case filed against SFI activists over Kerala University protest

We use cookies to give you the best possible experience. Learn more