| Thursday, 5th November 2026, 4:48 pm

ഗവര്‍ണറുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ ബി.ജെ.പിയുടെ പേര്: രാഷ്ട്രപതിക്ക് പരാതി നല്‍കി എസ്.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ബിജെപിയുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി നല്‍കി എസ്.എഫ്.ഐ. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിഷ്പക്ഷതയെ ഇത് ലംഘിക്കുന്നതാണെന്ന് എസ്.എഫ്.ഐയുടെ പരാതിയില്‍ പറയുന്നു.

‘ommathurbjp’ എന്നാണ് ഗവര്‍ണറുടെ ഇന്‍സ്റ്റഗ്രാം ഐ.ഡി. ഒരു ഗവര്‍ണര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നത് ഭരണഘടനാപരമായ നിഷ്പക്ഷതയ്ക്കും നിഷ്പക്ഷ നിലപാടിനും വിരുദ്ധമാണെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ എസ്.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനാണ് പരാതി അയച്ചത്.

മാഥൂറിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ‘ommathurbjp’ എന്ന് പേരിട്ടിരിക്കുന്നത് പരാതിയില്‍ എടുത്തുപറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ഇത്തരമൊരു ബന്ധം ഭരണഘടനാ സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദോഷകരമായി ബാധിച്ചേക്കാമെന്നും പരാതിയില്‍ പറയുന്നു.

ഭരണഘടനയുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ പാടില്ല. ഗവര്‍ണര്‍ പദവിയുടെ അന്തസ്സും നിഷ്പക്ഷതയും സംരക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ബി.ജെ.പിയില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന മാഥൂറിന്റെ മുന്‍കാല ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ ഈ കാര്യം ആവശ്യപ്പെട്ടത്.

മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി മാറിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23-നാണ് 29ാമത് കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റത്. രാജസ്ഥാന്‍ സ്വദേശിയായ മാഥൂര്‍ ആര്‍.എസ്.എസ് പ്രചാരകനായാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് അദ്ദേഹം ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയായും, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്

Content Highlight: SFI complains to President over BJP tag on Keralam Guv’s Instagram

Latest Stories

We use cookies to give you the best possible experience. Learn more