| Thursday, 6th November 2025, 4:22 pm

പി.എം ശ്രീയില്‍ ഭിന്നതയില്ല, ഒരേ നിലപാടെന്ന് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എം ശ്രീയില്‍ ഭിന്നതയില്ലെന്നും ഒരേ നിലപാടാണുള്ളതെന്നും എസ്.എഫ്.ഐയും എ.ഐ.എസ്.എഫും. എന്‍.ഇ.പിക്കെതിരെയും ഫണ്ടുകള്‍ തടഞ്ഞുവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും ഇരുവരും ഒന്നിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

‘പല രൂപത്തിലാണ് ഉന്നത പൊതുവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കാവിവത്കരണനയം നടപ്പിലാക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയപരമായും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയും പാഠപുസ്തകങ്ങളിലടക്കം തങ്ങളുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയും പല തലത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അവരുടെ നയം നടപ്പിലാക്കുന്നത്.

പി.എം ശ്രീയുമായി ഒരു തരത്തിലും ഞങ്ങള്‍ക്ക് യോജിക്കാന്‍ സാധിക്കില്ല. എന്‍.ഇ.പിക്കെതിരെ നേരത്തെ തന്നെ എസ്.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചതാണ്. എസ്.എഫ്.ഐക്കും എ.ഐ.എസ്.എഫിനും ഈ വിഷയത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളില്ല.

എ.ഐ.എസ്.എഫ് അവരുടേതായ രീതിയില്‍ പ്രത്യക്ഷ സമരത്തിന് പോയി. ഞങ്ങള്‍ സര്‍ക്കാരിനെ ആശങ്കകള്‍ അറിയിക്കുകയും ആ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോവുകയും ചെയ്തു,’ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.

‘ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നിലപാട് എന്നും ഒന്നുതന്നെയാണ്. അതില്‍ ഏന്തൊക്കെ സമരങ്ങള്‍ വേണമെന്ന് വ്യത്യസ്ത സംഘടനകള്‍ക്ക് തീരുമാനിക്കാം,’ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അധിന്‍ അമ്പാടി വ്യക്തമാക്കി.

ഇതിനൊപ്പം തന്നെ മാസ് ഇ മെയില്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. കേരളത്തില്‍ നിന്നും ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിഷയത്തിലെ വിമര്‍ശമനമറിയിച്ചുകൊണ്ട് ഇ മെയില്‍ അയക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പി.എം ശ്രീയില്‍ നിന്ന് പിന്‍വാങ്ങുന്നതായി അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് കത്തയക്കുന്നത് വൈകുന്നതില്‍ സി.പി.ഐ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലെ എതിര്‍പ്പ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവരെ അറിയിച്ചു.

പദ്ധതിയിലെ പിന്മാറ്റം വൈകില്ലെന്ന് സി.പി.ഐ.എം നേതൃത്വം ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

പി.എം ശ്രീയില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് ഔദ്യോഗികമായി തീരുമാനിച്ചത്. സി.പി.ഐ.എം -സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയിലെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു നടപടി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചെങ്കിലും നടപടി നീളുന്നതാണ് സി.പി.ഐയുടെ അതൃപ്തിക്ക് കാരണമാകുന്നത്.

Content Highlight: SFI and AISF say there are no differences in PM Shri and that they have the same stance.

We use cookies to give you the best possible experience. Learn more