| Tuesday, 23rd June 2026, 9:16 pm

ഇരകള്‍ 800ലധികം, സുഡാനില്‍ ലൈംഗിക അതിക്രമങ്ങള്‍ 'യുദ്ധത്തിനുള്ള ആയുധം'; വിറങ്ങലിപ്പിക്കുന്ന ക്രൂരതകളുമായി യു.എന്‍ റിപ്പോര്‍ട്ട്

ആദര്‍ശ് എം.കെ.

ജനീവ: സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ വ്യവസ്ഥാപിതമായി ഒരു ‘യുദ്ധായുധമായി’ (weapon of war) ഉപയോഗിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്.

2023 ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ രാജ്യത്ത് നടന്ന ഭീകരമായ ക്രൂരതകളുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നതാണ് ചൊവ്വാഴ്ച പുറത്തുവിട്ട ഈ റിപ്പോര്‍ട്ട്.

സിവിലിയന്മാരെ ഭീതിയിലാഴ്ത്താനും അവരെ കൂട്ടത്തോടെ പലായനം ചെയ്യിക്കാനുമാണ് ഇത്തരം അതിക്രമങ്ങള്‍ ആയുധമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2023 ഏപ്രില്‍ മുതല്‍ 2026 ഏപ്രില്‍ പകുതി വരെയുള്ള കാലയളവില്‍ സുഡാനിലെ ആകെ 18 സംസ്ഥാനങ്ങളില്‍ 16 എണ്ണത്തിലുമായി 546 ലൈംഗിക അതിക്രമ സംഭവങ്ങള്‍ നടന്നതായി യു.എന്‍ സ്ഥിരീകരിച്ചു.

അതിക്രമത്തില്‍ 838 പേര്‍ ഇരകളായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 539 പേര്‍ സ്ത്രീകളും 284 പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമാണ്. എട്ട് പുരുഷന്‍മാരും പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആണ്‍കുട്ടികളും ലൈംഗികാതിക്രമത്തിന് ഇരകളായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ പുറത്തുവന്ന കണക്കുകള്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഭീകരതയുടെ വളരെ ചെറിയൊരു ഭാഗം (tip of the iceberg) മാത്രമാണെന്നും യഥാര്‍ത്ഥ സംഖ്യ ഇതിലും എത്രയോ മുകളിലാണെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക അടിമത്തം, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത ലൈംഗിക പീഡനം, ക്രൂരമായ മറ്റ് പീഡനങ്ങള്‍ എന്നിവ ഈ സംഘര്‍ഷത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളില്‍ നാലിലൊന്നും ക്രൂരമായ കൂട്ടബലാത്സംഗങ്ങളാണ്. ഒരു പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം വരെ ഇതില്‍ ഉള്‍പ്പെടുന്നു.

കുറഞ്ഞത് 85 സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗിക അടിമകളാക്കി പാര്‍പ്പിക്കുകയും അവരെക്കൊണ്ട് നിര്‍ബന്ധിതമായി വീട്ടുജോലികളും മറ്റും ചെയ്യിക്കുകയും ചെയ്യുന്നു.

ക്രൂരതകള്‍ക്കിരയായി കുറഞ്ഞത് 59 പേര്‍ ഗര്‍ഭിണികളാവുകയോ പ്രസവിക്കുകയോ ചെയ്തിട്ടുണ്ട്. അതിക്രൂരമായ കൂട്ടബലാത്സംഗങ്ങളെത്തുടര്‍ന്ന് ഒന്‍പത് വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഭൂരിഭാഗം യുദ്ധക്കുറ്റങ്ങള്‍ക്കും പിന്നില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍.എസ്.എഫ്) യൂണിഫോം ധരിച്ചവരും അവരുമായി ബന്ധപ്പെട്ട സായുധ സംഘങ്ങളും അറബ് മിലിഷ്യകളുമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കൂടാതെ, സുഡാന്‍ സായുധ സേനയുമായി (എസ്.എ.എഫ്) ബന്ധപ്പെട്ടവര്‍ക്കെതിരെയും ഇത്തരം അതിക്രമങ്ങളില്‍ ആരോപണങ്ങളുണ്ട്.

തീര്‍ത്തും വംശീയമായ ലക്ഷ്യങ്ങളോടെയാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. പ്രത്യേകിച്ച്, മസാലിറ്റ് (Masalit) വംശജരെ ലക്ഷ്യം വെച്ച് നടന്ന ആക്രമണങ്ങളില്‍, ഇരകളുടെ ഗോത്രം ചോദിച്ചറിഞ്ഞ് ഉറപ്പുവരുത്തിയ ശേഷമാണ് വേട്ടയാടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഭീകര സംഭവങ്ങളെ ‘യുദ്ധക്കുറ്റങ്ങള്‍’ എന്നും ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍’ എന്നുമാണ് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് വിശേഷിപ്പിച്ചത്.

കുറ്റവാളികള്‍ക്കും കമാന്‍ഡ് ഉത്തരവാദിത്തമുള്ള ഉന്നതര്‍ക്കുമെതിരെ അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്രമായ അന്വേഷണവും ശക്തമായ നിയമനടപടികളും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നത് അതിക്രമങ്ങളുടെ തുടര്‍ച്ചയ്ക്ക് വഴിതെളിക്കുമെന്നും, ഈ ദുരന്തവലയം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും യു.എന്‍ ആവശ്യപ്പെടുന്നു.

Content highlight: Sexual violence used as a weapon of war in Sudan conflict: UN report

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more