കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോഷ് ആക്ട് പ്രകാരം രജിസ്റ്റർ ചെയുന്ന പരാതികൾക്ക് മേലുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് പരാതിയുടെ പകർപ്പ് പ്രതിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്.
കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ജീവനക്കാർക്കെതിരെ പോഷ് ആക്ട് പ്രകാരം സ്വീകരിച്ച നടപടികൾ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. പരാതിയുടെ പകർപ്പോ ആഭ്യന്തര പരാതി പരിശോധന സമിതിയുടെ റിപ്പോർട്ടോ കൈമാറാതെയാണ് നടപടി ക്രമങ്ങൾ ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം.ബി സ്നേഹലതയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികൾക്ക് പരാതിയുടെ പകർപ്പ് നൽകാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര പരാതി പരിശോധന സമിതിയുടെ റിപ്പോർട്ടും തുടർ നടപടികളും കോടതി റദ്ദാക്കി.
അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടന്നപ്പോൾ പോലും പരാതിയുടെ പകർപ്പ് നൽകിയില്ലെന്നും അതിനാൽ പരാതിക്കാരുടെ വാദങ്ങൾക്ക് മേൽ ക്രോസ് വിസ്താരം നടത്താനുള്ള അവസരം നഷ്ടമായെന്നും ഹർജിക്കാർ വാദിച്ചു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയതിന് ശേഷം മാത്രമാണ് പരാതിയുടെ പകർപ്പ് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ പ്രതികൾക്ക് എതിരെയുള്ള ആരോപണങ്ങൾ എന്താണെന്ന് ഹർജിക്കാർക്ക് അറിയാമെന്നും വാദത്തിന് മതിയായ അവസരം നൽകിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. പക്ഷെ പരാതിയുടെ പകർപ്പ് നൽകാത്തത് സ്വാഭാവിക നീതി നിഷേധമായി കണക്കാക്കണമെന്നും മറുപടി സമർപ്പിക്കാനുള്ള അവസരം കുറ്റാരോപിതർക്ക് ഉറപ്പാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിയുടെ പകർപ്പ് നൽകി രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.
Content Highlight: Sexual harassment at workplace: High Court orders that a copy of the complaint be given to the accused before the case is investigated