ന്യൂദല്‍ഹി: വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ലോണ്‍ട്രിയിലെ വനിതാ ജീവക്കാര്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശമുന്നയിച്ച സംഘപരിവാര്‍ അനുകൂലിക്ക് സമന്‍സ് അയച്ച് ദല്‍ഹി ഹൈക്കോടതി. വനിതാ ജീവനക്കാര്‍ നല്‍കിയ കേസില്‍ ദല്‍ഹി ആസ്ഥാനമായുള്ള പ്രതിരോധ അനലിസ്റ്റ് അഭിജിത് അയ്യര്‍ മിത്രയ്ക്കാണ് സമന്‍സ് അയച്ചത്.
ഹരജിയില്‍ ജസ്റ്റിസ് പുരുഷീന്ദ്ര കുമാര്‍ കൗരവ് അടങ്ങുന്ന ബെഞ്ചാണ് സമന്‍സ് അയക്കാനുള്ള നിര്‍ദേശം നല്‍കിയത്. ന്യൂസ് ലോണ്‍ട്രിയിലെ ഒമ്പത് വനിതാ ജീവനക്കാരെ ലൈംഗികമായി അധിക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മാനനഷ്ടകേസിലാണ് സമന്‍സ് അയച്ചത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സിരീസില്‍ വനിതാ ജീവനക്കാരെയും ജോലി സ്ഥലത്തെയും അവരുടെ വായനക്കാരെയും കുറിച്ച് അപമാനകരമായ പോസ്റ്റിട്ടുവെന്ന് കാണിച്ചാണ് കേസ്. കമ്പനി മാനേജിങ് എഡിറ്റര്‍ മനീഷ പാണ്ഡെ ഉള്‍പ്പെടെയുള്ളവരാണ് പരാതി നല്‍കിയത്.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഇയാളുടെ ട്വീറ്റുകളെല്ലാം വനിത ജീവനക്കാരെ അപമാനിക്കുന്ന തരത്തിലായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ട്വീറ്റുകള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ഒരു തരത്തിലുള്ള ഖേദപ്രകടനവും മിത്ര നടത്തിയിട്ടില്ലെന്നാണ് വനിതാ ജീവനക്കാര്‍ പറയുന്നത്.
മിത്രയ്‌ക്കെതിരെ നഷ്ടപരിഹാരവും വനിതാ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കെതിരായ പോസ്റ്റുകളിടുന്നതില്‍ നിന്നും മിത്രയെ തടയണമെന്നും കോടതിയോട് വനിതാ ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസ് തള്ളണമെന്നായിരുന്നു മിത്രയുടെ വാദം. നേരത്തെ കോടതി തന്റെ പോസ്റ്റുകളിലെ ഭാഷയെ വിമര്‍ശിച്ചതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നും പോസ്റ്റുകള്‍ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നും മിത്ര പറയുകയുണ്ടായി.
സെപ്റ്റംബര്‍ പത്തിന് അടുത്ത വാദം കേള്‍ക്കുമെന്നും പ്രതി അതിനുള്ളില്‍ കൂടുതല്‍ അപകീര്‍ത്തികരമായ ഉള്ളടക്കമുള്ള പോസ്റ്റുകളിട്ടാല്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും വനിതാ ജീവനക്കാരോട് കോടതി വ്യക്തമാക്കി.
Content Highlight: Sexual harassment against female employees of News Laundry; Delhi High Court summons accused