തൃശൂര്‍: അതിരപ്പള്ളിയില്‍ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം. വാഴച്ചാല്‍ ഡിവിഷന് കീഴിലെ സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പി.പി. ജോണ്‍സനാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
കോട്ടയം സ്വദേശിയായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.
പി.പി. ജോണ്‍സനെതിരെ വനിതാ വാച്ചര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. അന്വേഷണത്തില്‍ ജോണ്‍സന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലക്കുടി മജിസ്‌ട്രേറ്റിന്റെ വാഹനം ജോണ്‍സന്റെ വാഹനത്തിന് പുറകില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് വാക്ക് തര്‍ക്കം നടത്തിയ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു.
ഒക്‌ടോബര്‍ ആറിനാണ് ഇയാള്‍ സ്ഥലം മാറി വാഴച്ചാല്‍ ഡിവിഷന് കീഴില്‍ ജോലിക്കെത്തുന്നത്. സ്ഥലം മാറി വന്ന ദിനം തന്നെയാണ് വനിതാ വാച്ചര്‍ക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമണം നടത്തിയത്. നിലവില്‍ ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ജോണ്‍സനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Content Highlight: Sexual assault on female watcher in Athirapally