തിരുവനന്തപുരം: യുവ നടിയുടെ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രജ്ഞിത്തിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഫെഫ്ക്ക.
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ എന്നിവയില്‍ നിന്നുമാണ് രജ്ഞിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും രജ്ഞിത്തിനെ സസ്‌പെന്‍ഡ് ചെയ്തതായി യൂണിയന്‍ പ്രസിഡന്റ് രണ്‍ജ്ഞി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രജ്ഞിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അറിയിച്ചത്.
കേസില്‍ വിധി വരുന്നത് വരെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് ഫെഫ്ക ജറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് നടപടി.
നിലവില്‍ രജ്ഞിത്തിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പീഡനം, അന്യയമായി തടഞ്ഞുവെക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
കഴിഞ്ഞദിവസം യാത്രക്കിടെ തൊടുപുഴ മുട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പൊലീസ് ബുധനാഴ്ച രാവിലെ ഫോര്‍ട്ട് കൊച്ചിയിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡിലായ രഞ്ജിത്തിനെവൈകാതെ എറണാകുളം സബ്ജയിലിലേക്ക് മാറ്റുമെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ഷൂട്ടിങ്ങിനിടെ കാരവാനില്‍ വെച്ച് രഞ്ജിത് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി കാരവാനില്‍ നിന്നും ഇറങ്ങിയോടിയെന്നും പിന്നീട് ഷൂട്ടിങ് സെറ്റില്‍ വെച്ച് തന്നെ കേസ്ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും എസ്.ഐ.ടിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ യുവനടി പറയുന്നു.
സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) നടി നല്‍കിയ പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം, തന്നെ തകര്‍ക്കാനുള്ള ശ്രമമായി ഉണ്ടാക്കിയ കള്ളക്കേസാണിതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും രഞ്ജിത് ആരോപിച്ചു.
Content Highlight:Sexual assault case; FEFKA suspends Ranjith