തിരുവനന്തപുരം: സിനിമാ സംവിധായകനും ഇടത് സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞിമുഹമമദിനെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസയക്കും.
തനിക്കുണ്ടായ ദുരനുഭവം അക്കാദമിയെ അറിയിച്ചിരുന്നുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. പി.ടി കുഞ്ഞിമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി റിപ്പോര്‍ട്ട് തേടിയത്.
ഇങ്ങിനെ ഒരു പരാതി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ കുക്കു പരമേശ്വരന്‍ പറഞ്ഞിരുന്നു. നോട്ടീസില്‍ ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ തുടങ്ങിയവയും ആവശ്യപ്പെടുമെന്ന് പൊലീസ അറിയിച്ചു.
സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് പരാതിക്കാരിയും കുഞ്ഞിമുഹമ്മദും ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പി.ടി കുഞ്ഞി മുഹമ്മദിനെതിരെ ഗുരുതരമായ മൊഴിയാണ് ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കൊടുത്ത രഹസ്യമൊഴിയില്‍ പരാതിക്കാരി നല്‍കിയിരിക്കുന്നത്.
എന്നാല്‍ പി.ടി കുഞ്ഞിമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
ലൈംഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം,സ്ത്രീകള്‍ക്കെതിരായുള്ള ശാരീരികാതിക്രമം,ലൈംഗിക പരാമര്‍ശം നടത്തല്‍ എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
നവംബര്‍ 27 നായിരുന്നു പരാതിക്കാരിയായ സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഡിസംബര്‍ 8ന് കന്റോണ്‍മെന്റ് പൊലീസ്് കേസെടുത്തു. ഐ.എഫ്.എഫ്.കെയില്‍ മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന സമിതിയുടെ അദ്ധ്യക്ഷനായിരുന്നു കുഞ്ഞിമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയ സംവിധായികയും ചലച്ചിത്ര അക്കാദമിയുടെ അതിഥിയായി ഹോട്ടലില്‍ താമസിച്ചിരുന്നു. ഹോട്ടല്‍ മുറിയില്‍വെച്ച് സമ്മതമില്ലാതെ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി.
Content Highlight:Sexual assault case against PT Kunjimuhammed: Police preparing to send notice to Chalachitra Academy