ന്യൂദല്‍ഹി: മാധ്യമപ്രവര്‍കത്തകയ്‌ക്കെതിരായ ലൈംഗികാതിക്രമത്തില്‍ പ്രതിഷേധവുമായി സി.ജെ.പി.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനിടെയായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ അതിക്രമം.
പൊലീസ് പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്ന് സി.ജെ.പി നേതാക്കള്‍ പറഞ്ഞു. സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്, ഐഷി ഘോഷ് തുടങ്ങിയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പരിസരത്താണ് പ്രതിഷേധം നടക്കുന്നത്. സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് ഉള്‍പ്പെടെയുള്ള നേതാക്കളും സമരത്തിലുണ്ട്.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്യുകയും ലൈംഗികമായി അതിക്രമിക്കുകയും ചെയ്തുവെന്നാണ് ഉയര്‍ന്ന പരാതി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വിവേക് ഭഗത് തന്നെ മോശമായി സ്പര്‍ശിക്കുകയും തള്ളിയിടുകയും ചെയ്തുവെന്ന് ഒരു സ്വതന്ത്ര വനിതാ മാധ്യമപ്രവര്‍ത്തക പറഞ്ഞു.
വനിതാ മാധ്യമപ്രവര്‍ത്തകയെ അപമര്യാദയായി സ്പര്‍ശിച്ച എ.സി.പി വിവേക് ഭഗതിനെ സസ്‌പെന്‍ഡ് ചെയ്ത് കേസെടുക്കണമെന്ന് കോക്രോച് ജനതാ പാര്‍ട്ടിയും, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസയും ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് കാണിച്ചാണ് വനിത മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നാണ് പൊലീസ് വാദം.
വിഷയത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു ദല്‍ഹി പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായ മറുപടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരാതി ലഭിച്ചിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിമുഖത കാണിക്കുകയാണെന്നും, സ്ത്രീകളുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും ഭയപ്പെടുന്ന ഒരു സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ തെരുവില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയെന്ന അടിസ്ഥാനപരമായ ആവശ്യം ഉന്നയിച്ചാണെന്നും വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം നല്‍കേണ്ട പൊലീസ് അവര്‍ക്ക് നേരെ കൈയ്യുയര്‍ത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Content Highlight: Sexual assault against a female journalist; CJP protests outside Parliament Street Police Station.