| Saturday, 28th March 2026, 11:16 am

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗികാരോപണ പരാതി; പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് രമേഷ് പിഷാരടി

ആദർശ് എം.കെ.

പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. ചൂഷണം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും സിസ്റ്റവും അതിനുള്ള എല്ലാ നടപടിയും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് മണ്ഡലത്തിലെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രശോഭ് പ്രചരണത്തിന് വന്നിരുന്നു, അല്ലാതെ വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ല. ഖേദകരമായ വാര്‍ത്തയാണിതന്നെും പിഷാരടി പറഞ്ഞു. ഒരു വാര്‍ഡ് കൗണ്‍സിലറുമായി ബന്ധപ്പെട്ടുള്ള ആരോപണം വോട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനം നോക്കുമെന്ന് കരുതുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

ലൈംഗീകാതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടി.

പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി. വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് കാണിച്ച് ദളിത് യുവതിയാണ് പ്രശോഭിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു രണ്ടാമത്തെ പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

ഷാഫി പറമ്പില്‍ എം.പി തന്റെ ആശാനാണെന്നും എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിരുന്നു.

ലൈംഗിക പീഡന പരാതികള്‍ക്കിടെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്.

Content Highlight: Sexual allegation complaint against Congress councilor; Ramesh Pisharody wants justice for the girl

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more