| Wednesday, 17th June 2026, 10:01 am

യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കെ.പി.സി.സി അംഗത്തിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി അംഗം എ. അരവിന്ദനെതിരെ ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയില്‍ താമരശ്ശേരി പൊലീസാണ് കേസെടുത്തത്.

വാടക മുറിയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തിന്റെ കാലാവധി നീട്ടിക്കിട്ടാനായി കോണ്‍ഗ്രസ് നേതാവിനെ സമീപിച്ചപ്പോള്‍ ലൈംഗികാക്രമണം നടന്നുവെന്നാണ് പരാതി. ഈ പരാതിയില്‍ ലൈംഗിക അതിക്രമം, ബലാത്സംഗശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സ്ഥാപനത്തിന്റെ കാലാവധി നീട്ടിക്കിട്ടുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ യുവതിയെ ആളില്ലാ സമയത്ത് വീട്ടില്‍ വിളിച്ചു വരുത്തി അതിക്രമം നടത്തിയതായാണ് പരാതിയില്‍ പറയുന്നത്.

സ്ഥാപനത്തിന്റെ നിലവിലെ ലൈസന്‍സ് കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ അത് നീട്ടിക്കിട്ടാനായി യുവതി കോണ്‍ഗ്രസ് നേതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഫോണില്‍ സംസാരിക്കവെ ഇയാള്‍ യുവതിയോട് വീട്ടില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

നിലവില്‍ കെ.പി.സി.സി അംഗമായ അരവിന്ദന്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ഇയാള്‍ സേവനമനുഷ്ഠിച്ചിരുന്നു.

Content Highlight: Sexual abuse case against KPCC Member From Kozhikode District

We use cookies to give you the best possible experience. Learn more