ഇതില്‍ ഏറ്റവും വ്യാപാര സാധ്യതയുള്ളതാണ് സെക്‌സ് ടൂറിസം. കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏറെക്കുറെയെല്ലാം ഇന്ന് സെക്‌സ് മാഫിയയുടെ കയ്യിലകപ്പെട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്നാം ലോക രാജ്യങ്ങളില്‍ ശരീര വില്‍പന വന്‍ വ്യവസായമായി മാറിക്കഴിഞ്ഞു. ആഗോളവത്കരണവും മുതലാളിത്തവും പാപ്പരാക്കിയ ആ ജനത സ്വന്തം ശരീരത്തെ കയറ്റി അയക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. മുതലാളിത്ത ചൂഷക വ്യവസ്ഥിതിയാണ് അതിന്റ ഉപഭോക്താക്കള്‍ . ഈ ആഗോള മാംസവിപണിയില്‍ കേരളവും സ്വന്തം ഇടം കണ്ടെത്തിയിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
ലൈംഗിക സ്വാതന്ത്ര്യമെന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ലൈംഗിക അരാജകത്വമെന്നാണെന്ന് കേരളത്തെ പഠിപ്പിക്കാനുള്ള തീവ്ര ശ്രമം സമാന്തരമായി നടക്കുന്നുണ്ട്. സക്കറിയ ഉള്‍പ്പെടെയുള്ളവര്‍ കുറച്ച് കാലമായി ഇതിനുള്ള തീവ്ര ശ്രമത്തിലാണ്. ലൈംഗിക അരാജകത്വം ടൂറിസത്തിലൂടെ എളുപ്പം ഒളിച്ചു കടത്താന്‍ കഴിയുമെന്ന് മുതലാളിത്തം മനസിലാക്കിയിട്ടുണ്ട്. ശരീരം വാങ്ങുന്നതോടെ ബാക്കിയുള്ള മുഴുവനും അവര്‍ക്ക് എളുപ്പം വാങ്ങാന്‍ കഴിയും. വിദേശികളും സ്വദേശികളുമായ മാംസവ്യപാരികളും ഇടനിലക്കാരും ഉപഭോക്താക്കളും മയക്കുമരുന്നും മദ്യവും കൂടിച്ചേര്‍ന്ന അപകടകരമായ ടൂറിസം സംസ്‌കാരത്തിലേക്ക് കേരളം അല്‍പം വേഗത്തില്‍ നടന്നുകൊണ്ടിരിക്കയാണ്.
സ്വദേശികള്‍ക്ക് വേണ്ടി വിദേശത്തു നിന്നും സ്ത്രീകളെ ഇറക്കുമതി ചെയ്യുന്നുണ്ട്. വിദേശികള്‍ക്ക് വേണ്ടി സ്വദേശികളുമുണ്ട്. ബാല്യങ്ങള്‍ ലിംഗ ഭേദമില്ലാതെ ഇവിടേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു. അപകടമുണ്ടാവില്ലെന്ന് വിശ്വസിച്ച് ആണ്‍ കുട്ടികളെ വീട്ടുകാരുടെ അറിവോടെ തന്നെ ഇത്തരം കേന്ദ്രങ്ങളിലേക്ക് പറഞ്ഞു വിടുന്നവരുമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ടൂറിസമെന്ന ഒറ്റ മുദ്രാവാക്യത്തിന് മുന്നില്‍ എല്ലാവരും എല്ലാം മറക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അനാശാസ്യത്തെക്കുറിച്ച് സര്‍ക്കാറിനും നല്ല ബോധ്യമുണ്ട്. അവിടെയെത്തി “മോറല്‍ പോലീസിങ്” കളിച്ചാല്‍ ഉള്ള ടൂറിസ്റ്റുകള്‍ പൊടിയും തട്ടിപ്പോകും. അപ്പോള്‍ പിന്നെ ടൂറിസം വികസനമെന്ന് നാഴികക്ക് നാല്‍പത് വട്ടം ഉച്ചരിച്ചതും മുടക്കിയതും വെള്ളത്തിലാകും. അതെ ഈ മാംസ വ്യാപാരത്തില്‍ കേരള സര്‍ക്കാറിനും മുതല്‍ മുടക്കുണ്ട്.
വിദേശ വിപണിയില്‍ നിന്ന് പുറന്തള്ളുന്ന ലൈംഗിക ഇരകളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിന് മാഫിയ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം തട്ടേക്കാട് ഉണ്ടായ അപകടം. അപകടത്തില്‍ മരിച്ച യുവാവിനൊപ്പമുണ്ടായിരുന്ന റഷ്യന്‍ യുവതികളെ ചുറ്റിപ്പറ്റി ദുരൂഹത നിലനില്‍ക്കുകയാണ്. ടൂറിസ്റ്റ് വിസയില്‍ ഇവരെ ഇവിടെ എത്തിക്കുന്നത് ദുബായ് ഏജന്റുമാരാണ്. നാട്ടിലെ സബ് ഏജന്റുമാര്‍ ഇവര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനും ബിസിനസ് നടത്താനും നേരത്തേ തന്നെ ബുക്കിംഗ് ഏര്‍പ്പാടാക്കും.
ഇവര്‍ക്കായി കുറഞ്ഞ ചെലവില്‍ മയക്കുമരുന്നും മദ്യവും സുലഭം. ആഡംബര റിസോര്‍ട്ടുകള്‍ , മുന്തിയ വാഹനങ്ങളില്‍ യാത്ര, ടൂറിസ്റ്റ് എന്ന ആനുകൂല്യം. കൊച്ചിയും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കൂടിച്ചേര്‍ന്ന് കേരളത്തില്‍ സെക്‌സ് ടൂറിസത്തിന്റെ പുതുയുഗപ്പിറവിക്ക് നാന്ദികുറിച്ചിരിക്കയാണ്.
റഷ്യ, ഉക്രെയിന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഈ മാര്‍ക്കറ്റുകളില്‍ കൂടുതലായും എത്തുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ചില യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരും എത്തുന്നുണ്ട്. മൂന്നുമാസത്തെ ടൂറിസ്റ്റ് വിസയ്‌ക്കെത്തുന്ന ഇവര്‍ വിമാനമിറങ്ങുന്ന ഉടന്‍ തന്നെ ഏജന്റുമാരുടെ വരുതിയിലായിരിക്കും. നഗരത്തിലെ ഇടത്തരം ഹോട്ടലുകളിലും ചീപ്പ് ബാറുകളിലും ഇത്തരക്കാര്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വ്യവസായ പ്രമുഖരും പോലീസ് ഉദ്യേഗസ്ഥരുമടങ്ങുന്ന വന്‍ ശൃംഖല ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട്. നാട്ടുകാരുടെ കണ്‍മുന്നില്‍ ഇവര്‍ സ്വതന്ത്രരായി പ്രവര്‍ത്തിക്കുമ്പോഴും പോലീസിന്റെ കണ്ണില്‍പ്പെടുന്നില്ലെന്ന് ശ്രദ്ധേയമാണ്.
കരകൗശല വില്‍പയെന്നും മറ്റും പറഞ്ഞ് കര്‍ണാടകയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തിരുവനന്തപുരത്തെത്തിച്ച് മാംസ വിപണിയിലേക്ക് കൊണ്ട് പോകുന്ന സംഘമുണ്ട്. കോവളം മേഖലയിലെ വാടക വീടുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. വിദേശികള്‍ക്കു താമസ സൗകര്യം ഒരുക്കുന്നതു ഹോം സ്‌റ്റേകളിലാണ്. കഴിഞ്ഞ ടൂറിസം സീസണില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടു ഇത്തരം പെണ്‍കുട്ടികളെ ഇവിടെ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ പോലീസ് സഹകരണമില്ലാതത്തിനാല്‍ തുടര്‍ നടപടികള്‍ക്ക് കഴിയുന്നില്ല.