പ്രണോയ് റോയിയെ ഞാൻ അറിയുന്നത് ദൂരദർശനിൽ തൊണ്ണൂറുകളിൽ അദ്ദേഹം അവതരിപ്പിച്ചിരുന്ന പ്രശസ്തമായ തിരഞ്ഞെടുപ്പ് അവലോകനങ്ങളിലൂടെയും ‘ദി വേൾഡ് ദിസ് വീക്ക്’ എന്ന പരിപാടിയിലൂടെയുമാണ്.
തിരഞ്ഞെടുപ്പ് കണക്കുകൾക്ക് പിന്നിലെ രാഷ്ട്രീയവും ലോകസംഭവങ്ങളുടെ പശ്ചാത്തലവും ലളിതമായും വിശ്വാസ്യതയോടെയും വിശദീകരിച്ച ആ അവതരണങ്ങൾ ഇന്നും പലരുടെയും ഓർമ്മയിലുണ്ടാകും.
അരുന്ധതി റോയിയുടെ കസിൻ എന്നതിനപ്പുറം, ഇന്ത്യൻ ടെലിവിഷൻ പത്രപ്രവർത്തനത്തിന് പുതിയൊരു നിലവാരം നൽകിയ എൻ.ഡി.ടി.വിയുടെ സഹസ്ഥാപകനായാണ് അദ്ദേഹം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്.
പ്രണോയ് റോയി
കേന്ദ്ര ഭരണത്തിന്റെ തെറ്റായ നടപടികളെ പലപ്പോഴും ചോദ്യം ചെയ്ത ആ മാധ്യമസ്ഥാപനത്തിന് മോദി ഭരണകൂടത്തിൽ നിന്ന് അന്വേഷണങ്ങളും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും നേരിടേണ്ടിവന്നു.
2017-ലെ സിബിഐ റെയ്ഡിനെ സ്വതന്ത്ര മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമെന്നാണ് എൻ.ഡി.ടിവി അന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. പിന്നീട്, 2022-ൽ അദാനി ഗ്രൂപ്പ് സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആ മാധ്യമസ്ഥാപനത്തിന്റെ ഉടമസ്ഥത മാറിയെങ്കിലും, ചോദ്യങ്ങൾ ചോദിക്കുന്ന റോയിയുടെ ശബ്ദം ഇല്ലാതാക്കാൻ സാധിച്ചില്ല.
തന്റെ ഡിജിറ്റൽ മാധ്യമവേദിയായ ഡികോഡിലൂടെ അദ്ദേഹം ഏറ്റവും ഒടുവിൽ ഉയർത്തിയ ചോദ്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയെക്കുറിച്ചാണ്.
വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ ആരുടെയൊക്കെയാണ് പേരുകൾ വെട്ടി മാറ്റിയത് ? പ്രണോയ് റോയിയുടെ അവതരണത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സ്വന്തം അനുഭവമാണ്.
പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്തിട്ടുള്ള തന്റെ പേരും പട്ടികയിൽനിന്ന് നീക്കപ്പെട്ടെന്നും വോട്ടവകാശം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും റോയ് പറയുന്നു.
റോയി വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ഏകദേശം 33 ശതമാനം വോട്ടർമാരെയും മഹാരാഷ്ട്രയിലും തെലങ്കാനയിലും ഏകദേശം 21 ശതമാനവും കർണാടകയിൽ 20 ശതമാനം പേരുകളുമാണ് വെട്ടി മാറ്റിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള ഇന്ത്യൻ പൗരന്റെ അവകാശമാണ് ഇതിലൂടെ ഇല്ലാതായത് .
പശ്ചിമ ബംഗാളിനെക്കുറിച്ചുള്ള പ്രണോയ് റോയിയുടെ വിശകലനമാണ് കൂടുതൽ ഗൗരവമുള്ളത്. ഒഴിവാക്കിയ പേരുകളിൽ 62 ശതമാനം സ്ത്രീകളുടേതും 38 ശതമാനം പുരുഷന്മാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വോട്ടർമാരുടെ സ്ത്രീപുരുഷ അനുപാതം ഏറെക്കുറെ തുല്യമായിരിക്കുമ്പോഴാണ് ഈ അസമത്വം. മുസ്‌ലിം വോട്ടർമാരുടെ ഒഴിവാക്കൽ നിരക്ക് മറ്റുള്ളവരെക്കാൾ 52 ശതമാനം കൂടുതലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കണക്കുകൾ പറയുന്നു.
പശ്ചിമ ബംഗാളിൽ 30 ലക്ഷം മുസ്‌ലിം പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യൻ എക്സ്പ്രസ്സിലെ പത്രപ്രവർത്തക റിതിക ചോപ്രയുടെ അന്വേഷണാത്മക റിപ്പോർട്ടും ഇതിനോട് ചേർത്ത് വായിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പത്തുമാസത്തിനിടെ പതിനാലുതവണ ഔദ്യോഗികമായി എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നുവെന്നാണ് അവരുടെ അന്വേഷണം വെളിപ്പെടുത്തിയത്.
തങ്ങളുടെ അറിവോ അംഗീകാരമോ കൂടാതെ കമ്മീഷന്റെ പേരിൽ തീരുമാനങ്ങളെടുക്കുന്നതും വോട്ടർപട്ടിക സംവിധാനത്തിന്റെ നിയന്ത്രണവുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന ആശങ്കകൾ.
ഇവ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മാത്രമല്ല; സ്ഥാപനത്തിനുള്ളിൽനിന്നു തന്നെ ഉയർന്നു വന്ന ചോദ്യങ്ങളാണെന്ന കാര്യം ഓർക്കണം.
ഇന്ത്യൻ എക്സ്പ്രസ്സ് ജേർണലിസ്റ്റ് റിതിക ചോപ്ര
റിതികയുടെ റിപ്പോർട്ടിൽ ഗോവയെകുറിച്ച് പറഞ്ഞ കാര്യം ഒരു ഉദാഹരണം മാത്രമാണ്. രേഖകൾ പരിശോധിച്ച് അർഹരെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയ 97 വോട്ടർമാരെപ്പോലും അന്തിമ പട്ടികയിൽ തിരിച്ചുചേർക്കാനായില്ല.
നീക്കിയ പേരുകൾ പുനഃസ്ഥാപിക്കാനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ഇല്ലായിരുന്നു. ഏഴുദിവസത്തിനിടെ അയച്ച എട്ട് അറിയിപ്പുകൾക്കും മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ നിസ്സാരമായ ഒരു പിഴവായി കാണാനാവില്ല.
ഇപ്പോൾ ഈ വിഷയം വിവാദമായപ്പോൾ തെറ്റായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തി തിരിച്ചുചേർക്കാനുള്ള പ്രത്യേക നടപടിക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങൾ ചോദിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ മറുപടി ആവശ്യപ്പെടുകയും ചെയ്യുന്ന ശബ്ദങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ശക്തമാകുന്നുണ്ട്.
വോട്ടർപട്ടികയിലെ ഓരോ പേരിനു പിന്നിലും ഒരു പൗരന്റെ അവകാശവും ശബ്ദവുമുണ്ട്. ആ പേര് വെട്ടിമാറ്റപ്പെടുമ്പോൾ നഷ്ടമാകുന്നത് ജനാധിപത്യത്തിൽ ആ പൗരനുള്ള ഇടമാണ്.
ആ ഇടം സംരക്ഷിക്കാൻ സത്യം തുറന്നുപറയുന്ന പത്രപ്രവർത്തനവും അധികാരത്തോട് ചോദ്യങ്ങൾ ചോദിച്ച് മറുപടി ആവശ്യപ്പെടുന്ന പൗരസമൂഹവും ഒരുപോലെ അനിവാര്യമാണ്.
Content Highlight:Severed Names, Emerging Truths.