| Friday, 5th June 2026, 11:04 am

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം അനിവാര്യമെന്ന് മന്ത്രി കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരോഗ്യമേഖലയുടെ നിലവാരമുയര്‍ത്താനും പുരോഗതിക്കുമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കേണ്ടി വരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിലെ പ്രശ്‌നപരിഹാരത്തിനായി ‘കായകല്‍പ്പ’ അദാലത്തുകള്‍ക്ക് തുടക്കം കുറിക്കുമെന്നും, ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരണത്തിലും ബന്ധുനിയമന വിവാദത്തിലും സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനായുള്ള പ്രത്യേക അദാലത്തുകള്‍ക്ക് ഈ മാസം 9-ന് കോഴിക്കോട് ജില്ലയില്‍ തുടക്കമാകും. ‘കായകല്‍പ്പ’ എന്നാണ് ഈ അദാലത്തുകള്‍ക്ക് പേരിട്ടിരിക്കുന്നത്.

‘ജരാനരകള്‍ ബാധിച്ച നിലവിലെ ഭരണസംവിധാനത്തെ പൂര്‍ണ യൗവനത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആരോഗ്യവകുപ്പില്‍ മാത്രമല്ല, സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഇത്തരമൊരു കായകല്‍പ്പം ഇന്ന് അനിവാര്യമായിരിക്കുകയാണ്.’ കെ. മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒരൊറ്റ ഏകീകരണ ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധൃതിപിടിച്ചോ വിവാദപരമായോ ഉള്ള തീരുമാനങ്ങള്‍ എടുക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ ഹൈന്ദവ സംഘടനകളുമായി കൃത്യമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കൂ. നിലവില്‍ വലിയ ആഘോഷങ്ങളും പൊതുപരിപാടികളും വരുമ്പോള്‍ എല്ലാ ബോര്‍ഡുകളെയും ഒന്നിച്ച് നിര്‍ത്തിക്കൊണ്ടുള്ള ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിലുണ്ടായ വിവാദ ബന്ധുനിയമന കാര്യത്തിലും അദ്ദേഹം നിലപാട് പറഞ്ഞു. തത്വത്തില്‍ ബന്ധുനിയമനങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് തനിക്കുള്ളത്. എന്നാല്‍ നിലവിലെ വിവാദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ പിണറായി വിജയന്‍ മന്ത്രിസഭയില്‍ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോള്‍ ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോയെന്നും മന്ത്രി ചോദിച്ചു. വ്യക്തമായ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരാളാണ് സണ്ണി ജോസഫിനൊപ്പം ഉള്ളതെന്നും അതിനാല്‍ യോഗ്യതയുള്ളവരുടെ രാഷ്ട്രീയ പാരമ്പര്യത്തെയും പ്രവര്‍ത്തന പരിചയത്തെയും വെറുതെ തള്ളിക്കളയാനാകില്ലെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Severe financial crisis; private investment essential in health sector, says Minister K. Muraleedharan

We use cookies to give you the best possible experience. Learn more