| Monday, 9th November 2026, 10:25 pm

മോശം വായു നിലവാരത്തില്‍ ദല്‍ഹി; ദല്‍ഹിക്ക് പുറത്ത് കേന്ദ്രമന്ത്രിമാരുടെ ദീപാവലി ദിനം

റെന്വര്‍ പി

ന്യൂദല്‍ഹി: ദീപാവലി ദിനമായ ഇന്നലെ (നവംബര്‍ എട്ട്, ഞായര്‍) ദല്‍ഹിയിലെ വായു നിലവാരം (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് -എ.ക്യു.ഐ) അതീവ ഗുരുതരം എന്ന നിലയില്‍ എത്തിച്ചേര്‍ന്നിരുന്നു. രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമാണ് ദല്‍ഹിയെങ്കിലും ദീപാവലി ദിവസത്തില്‍ പല കേന്ദ്ര മന്ത്രിമാരും നഗരത്തിന് പുറത്തായിരുന്നെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

സിക്കിം മുതല്‍ സൗദി അറേബ്യ വരെയുള്ള വിവിധയിടങ്ങളിലായിരുന്നു ഈ കേന്ദ്രമന്ത്രിമാര്‍ അവരുടെ ദീപാവലി ദിനം ചെലവഴിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മധ്യപ്രദേശ്, അസം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും മന്ത്രിമാരുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഭൂരിഭാഗവും ചെലവഴിച്ചത് ഛത്തീസ്ഗഡിലെ ബസ്തറിലായിരുന്നു. അവിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു മോദി. ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള തന്റെ വസതിയിലാണ് ദീപാവലി രാത്രി ചെലവഴിച്ചത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച സിക്കിമിലെ നാഥു ലായ്ക്ക് സമീപമുള്ള ഷെരാതാംഗ് സന്ദര്‍ശിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന സൈനികര്‍ക്കൊപ്പം അദ്ദേഹം ദീപാവലിയും ആഘോഷിച്ചു. യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു. ദീപാവലി ദിനത്തില്‍ ഭോപ്പാലിലെ സ്മാര്‍ട്ട് സിറ്റി പാര്‍ക്കില്‍ താന്‍ ഒരു തൈ നട്ടതായി അദ്ദേഹം അറിയിച്ചു. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍, അസമിലെ ദിബ്രുഗഡിലുള്ള തന്റെ വീട്ടില്‍ ദീപാവലി ആഘോഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഞായറാഴ്ച സൗദി അറേബ്യയിലായിരുന്നു. അവിടെ ജിദ്ദയില്‍ ഹജ്ജ് സംബന്ധമായ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജിദ്ദയിലെ ‘ഇന്ത്യ ഹൗസി’ല്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ ആഘോഷങ്ങള്‍ എപ്പോഴാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമ-നീതി വകുപ്പ് കേന്ദ്ര സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രാജസ്ഥാനിലെ ബിക്കാനീറിലായിരുന്നു. തന്റെ വസതിയില്‍ കുടുംബത്തോടൊപ്പം ദീപാവലി പൂജ നടത്തിയതായി മേഘ്വാള്‍ അറിയിച്ചു.

ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള തന്റെ വസതിയില്‍ കുടുംബത്തോടൊപ്പം പൂജ നടത്തി. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കര്‍ണാടകയിലെ ഹുബ്ബള്ളിയിലായിരുന്നു.യുവജനകാര്യ-കായിക സഹമന്ത്രി രക്ഷ ഖഡ്സെ മഹാരാഷ്ട്രയിലെ മുക്തൈനഗറിലുള്ള കോത്താലി ഗ്രാമത്തിലായിരുന്നു. അവിടെ മന്ത്രി കര്‍ഷകത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിലെ ദീപാവലി ആഘോഷകാലങ്ങളിലെ ഏറ്റവും മോശം എയര്‍ ക്വോളിറ്റി ഇന്‍ഡക്‌സാണ് ഇന്നലെ ദല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശരാശരി എ.ക്യു.ഐ 376 ആയിരുന്നു ഇന്നലെ ദല്‍ഹിയില്‍. ദീപാവലിക്ക് ശേഷമുള്ള തിങ്കളാഴ്ച രാവിലെ 10 മണിക്ക് എ.ക്യു.ഐ 371 എന്ന നിലയിലായിരുന്നു.

ദീപാവലി ആഘോഷങ്ങള്‍ അര്‍ദ്ധരാത്രിയോടെ അവസാനിച്ചതിന് പിന്നാലെ, ഇന്ന് രാവിലെ ദല്‍ഹിയിലെ വായുനിലവാരം കുത്തനെ വഷളായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാവിലെ 8:10-ന് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 483ല്‍ എത്തി ‘അതീവ ഗുരുതരം’ എന്ന വിഭാഗത്തിലേക്ക് മാറി.

എന്നാല്‍, ചില സ്വകാര്യ നിരീക്ഷണ ഏജന്‍സികള്‍, ഷാഹ്ദാരയിലും തെക്കന്‍ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 1,000ന് മുകളിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Several Union ministers in the Narendra Modi government were away from Delhi at different points on Diwali

 

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more