| Monday, 19th May 2025, 5:07 pm

അടുത്ത ഐ.പി.എല്‍ വരെ എന്ത് ചെയ്യും? കണ്ണ് ചിമ്മാന്‍ നേരം കാണില്ല, 'ഇന്ത്യയുടെ' ലോകകപ്പടക്കം എണ്ണം പറഞ്ഞ ഒമ്പത് ടൂര്‍ണമെന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ നിര്‍ത്തി വെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുകയാണ്. മെയ് 17നാണ് ഐ.പി.എല്‍ 2025ന്റെ ‘രണ്ടാം ഘട്ടം’ ആരംഭിക്കുന്നത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.

മെയ് 29ന് മുതല്‍ ഐ.പി.എല്ലിന്റെ നോക്ക് ഔട്ട് മത്സരങ്ങള്‍ ആരംഭിക്കും. ജൂണ്‍ മൂന്നിനാണ് കലാശപ്പോരാട്ടം. ഇതോടെ ഐ.പി.എല്ലിന്റെ അടുത്ത സീസണിനായുള്ള ആരാധകരുടെ കാത്തിരിപ്പും തുടങ്ങുകയായി.

2026 മാര്‍ച്ചിലാണ് ഐ.പി.എല്ലിന്റെ അടുത്ത എഡിഷന്‍ ആരംഭിക്കുക. എന്നാല്‍ ഇക്കാലയളവില്‍ എണ്ണം പറഞ്ഞ നിരവധി ടി-20 ലീഗുകളും ആരാധകരുടെ മുമ്പിലെത്തുന്നുണ്ട്.

ഐ.പി.എല്ലിന്റെ നോക്ക്ഔട്ട് മത്സരങ്ങള്‍ ആരംഭിക്കുന്ന അതേ മെയ് 29ന് കൗണ്ടി ക്രിക്കറ്റിന്റെ ആവേശമായ വൈറ്റാലിറ്റി ബ്ലാസ്റ്റ് ആരംഭിക്കും. രണ്ട് മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തില്‍ 18 ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്.

ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞ് കൃത്യം പത്താം ദിവസം അമേരിക്കന്‍ ടി-20 ഫ്രാഞ്ചൈസി ലീഗായ മേജര്‍ ലീഗ് ക്രിക്കറ്റ് എന്ന എം.എല്‍.സിക്ക് തുടക്കമാവുകയാണ്.

ഐ.പി.എല്‍ ടീമുകളുടെ കൗണ്ടര്‍പാര്‍ട്ടുകളായ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സും എം.ഐ ന്യൂയോര്‍ക്കും ടെക്‌സസ് സൂപ്പര്‍ കിങ്‌സുമെല്ലാം കളത്തിലിറങ്ങുന്ന പോരാട്ടങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കാനും ഏറെ സഹായിക്കുന്നുണ്ട്.

ജൂണ്‍ 13ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ജൂലൈ 14നാണ്.

ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് ലങ്ക പ്രീമിയര്‍ ലീഗ് അരങ്ങേറുന്നത്. നിരവധി താരങ്ങളെ ലങ്കന്‍ ക്രിക്കറ്റിന് സമ്മാനിച്ച ടൂര്‍ണമെന്റ് ലങ്കയില്‍ ക്രിക്കറ്റിന്റെ ‘മടങ്ങിവരവിനും’ കാരണമായിട്ടുണ്ട്.

ടി-20 ക്രിക്കറ്റിന് പുത്തന്‍ ഭാവുകത്വം നല്‍കിയ ദി ഹണ്‍ഡ്രഡിന്റെ പുതിയ സീസണ്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. നൂറ് പന്തുകളുള്ള ഒരു ഇന്നിങ്‌സ് എന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ടൂര്‍ണമെന്റ് വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് 31നാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ മനോഹാരിത വിളിച്ചോതുന്ന കരിബീയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 15നാണ് ആരംഭിക്കുന്നത്. കിരീടം നിലനിര്‍ത്താനുറച്ച് സെന്റ് ലൂസിയ കിങ്‌സ് കളത്തിലിറങ്ങുമ്പോള്‍ 2025ന്റെ രാജാക്കന്‍മാരാകാനാണ് മറ്റ് അഞ്ച് ടീമുകളും കച്ചമുറുക്കുന്നത്. സെപ്റ്റംബര്‍ 11നാണ് ഫൈനല്‍.

കുട്ടിക്രിക്കറ്റിനെ ഒന്നുകൂടി കുട്ടിക്രിക്കറ്റാക്കിയ അബുദാബി ടി-20 ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത് നവംബര്‍ 18നാണ്. പുതിയ സീസണിലെ കിരീടാവകാശികളെ നവംബര്‍ 30ന് അറിയാം.

ഐ.പി.എല്ലിന്റെ യു.എ.ഇ കൗണ്ടര്‍പാര്‍ട്ടായ ഐ.എല്‍. ടി-20 ഡിസംബര്‍ രണ്ട് മുതല്‍ ജനുവരി നാല് വരെ അരങ്ങേറുമ്പോള്‍ ടൂര്‍ണമെന്റിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ 20 ഡിസംബര്‍ 26 മുതല്‍ ജനുവരി 26 വരെയും അരങ്ങ് തകര്‍ക്കും. മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് അടക്കമുള്ള ടീമുകളുടെ സഹോദര ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത.

ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായി 2026 ടി-20 ലോകകപ്പും അരങ്ങേറുകയാണ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്.

2016ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടി-20 ലോകകപ്പിന് വേദിയാകുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പെരുമയോടെ ലോകകപ്പിനെത്തുന്ന ഇന്ത്യ കിരീടം സ്വന്തം മണ്ണില്‍ കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

കഴിഞ്ഞ തവണത്തേതെന്ന പോലെ 20 ടീമുകളാണ് ഈ ലോകകപ്പിലും മാറ്റുരയ്ക്കുന്നത്. 2024 ടി-20 ലോകകപ്പിലെ പ്രകടനത്തിന്റെ കരുത്തില്‍ അമേരിക്കയും ഐ.സി.സി ടി-20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ അയര്‍ലന്‍ഡുമടക്കം 12 ടീമുകള്‍ ഇതിനോടകം തന്നെ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഈസ്റ്റ് ഏഷ്യ-പസഫിക്, അമേരിക്കാസ് ക്വാളിഫയറിലൂടെ ശേഷിക്കുന്ന എട്ട് ടീമുകള്‍ ലോകകപ്പിനെത്തും.

ലോകകപ്പിന് പിന്നാലെ മാര്‍ച്ച് 15 മുതല്‍ ഐ.പി.എല്ലിന്റെ 2026ാം സീസണും ആരംഭിക്കും. അതേസമയം, പി.എസ്.എല്‍ ആരംഭിക്കുന്നതെന്ന് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. എന്നാല്‍ അടുത്ത സീസണോടെ പുതിയ രണ്ട് ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് അറിയിച്ചിട്ടുണ്ട്.

Content Highlight: Several T20 tournaments to be held after IPL 2025

We use cookies to give you the best possible experience. Learn more