കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്ക് നേരെ വീണ്ടും വധശ്രമം. രാത്രി രണ്ട് മണിയോടെ വീട് ആക്രമിക്കുകായിരുന്നു. തന്റെ ജന്മദിനാഘോങ്ങള്ക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വീട് ആക്രമിക്കുകയായിരുന്നുവെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് തനിക്കെതിരെ നടക്കുന്ന ഏഴാമത്തെ വധശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. അഭിഷേക് ബാനര്‍ജിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് വീടിന് പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതിനിടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി കള്ളന് എന്ന് വിളിച്ച് പറയുകയായിരുന്നു.
ഇതോടെ ഇരുപാര്‍ട്ടികളിലേയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിന്റെ ദൃശങ്ങള്‍ അഭിഷേക് ബാനര്‍ജി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ബി.ജെ.പി സംഘം തന്റെ വീടിന് ചുറ്റും നിരീക്ഷണം നടത്തുകയാണെന്നും ഇഷ്ടികകളും കല്ലുകളും എറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്ററുകളും ബാനറുകളും തകര്‍ത്തുവെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അഭിഷേക് ബാനര്‍ജി പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലും അവര്‍ കാണികളായി നോക്കി നില്ക്കുക മാത്രമായിരുന്നുവെന്നും ബാനര്‍ജി കുറ്റപ്പെടുത്തി.
ആയുധങ്ങളുമായാണ് അക്രമികള്‍ എത്തിയതെന്നും തന്നെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അഭിഷേക് ബാനര്‍ജിയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ബിജെപി രംഗത്തെത്തി. സംഭവത്തെ വെറുമൊരു ‘നാടകം’ എന്നാണ് ബിജെപി നേതാവും മന്ത്രിയുമായ ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്.
ജനങ്ങളെ വൈകാരികമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്നും അഭിഷേക് ബാനര്‍ജിയെ കൊല്ലാന്‍ ആര്‍ക്കാണ് സമയമെന്നുമായിരുന്നു ബി.ജെ.പി നേതാവിന്റെ ചോദ്യം.
ഒരു നേതാവിന്റെ ജന്മദിനാഘോഷം നടപ്പാതയില്‍ ആഘോഷിക്കുന്നത് ഇതാദ്യമായാണ് കാണുന്നത്. അര്‍ധരാത്രിയില്‍ ആരെങ്കിലും ശല്യമുണ്ടാക്കിയാല്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണ്.
അഭിഷേക് ബാനര്‍ജിയെ കൊല്ലാന്‍ ആര്‍ക്കാണ് സമയം,’ ദിലീപ് ഘോഷ് പറഞ്ഞു.
Content Highlight: Seventh assassination attempt against me in six months; the BJP is attempting to counter opposition voices with weapons: Abhishek Banerjee