| Saturday, 7th February 2026, 6:41 pm

'ഡൊ സജി ജീവിക്കണ്ടേ...... വല വലിക്കാന്‍ പോകാ'.. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഏഴ് വര്‍ഷങ്ങള്‍

ഐറിന്‍ മരിയ ആന്റണി

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി. നാരായണന്‍ ഒരുക്കിയ ഒരു കൊച്ചു പടം. മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിലേക്ക് കുമ്പളങ്ങി നൈറ്റ്‌സ് എത്തിയിട്ട് ഇന്നേക്ക് ഏഴ് വര്‍ഷമാണ്.

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ്, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് 2019ലാണ് തിയേറ്ററുകളിലെത്തിയത്. പ്രേക്ഷകില്‍ നിന്ന് മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം 2020ലെ സംസ്ഥാന പുരസ്‌കാര വേദിയിലും തിളങ്ങിയിരുന്നു.

കുമ്പളങ്ങിയിലെ ഒരു തുരുത്തില്‍ താമസിക്കുന്ന അച്ഛനും അമ്മയും ഇല്ലാതെ വളരുന്ന ഫ്രാങ്കി, സജി, ബോണി, ബോബി എന്നീ സഹോദരന്മാരുടെ കഥ പറഞ്ഞ ചിത്രം പല ക്ലീഷകളും പൊളിച്ചടുക്കിയിരുന്നു. ഈ നാല് സഹോദരന്‍മാരുടെ ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷവും ദുഖങ്ങളും പച്ചയായി ആവിഷ്‌കരിച്ച കുമ്പളങ്ങി മികച്ച സിനിമാനുഭവം എന്നതിലുപരി ഒരു ജീവിത പാഠം കൂടിയായിരുന്നു.

ഒരുപാട് സംഘര്‍ഷങ്ങളിലൂടെ കടന്ന് പോകുന്ന സഹോദരന്മാരുടെ ജീവിതത്തിലേക്ക്, ആ കൊച്ചു വീട്ടിലേക്ക് എത്തുന്ന സ്ത്രീകളുടെ കൂടെ അവര്‍ പുതിയൊരു ജീവിതം ആരംഭിക്കുന്നു. കുടുംബത്തില്‍ ഒരു സ്ത്രീയുടെ പങ്ക് എത്രത്തോളം വലുതാണെന്ന് പറയാതെ പറഞ്ഞുവെക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് അങ്ങനെ ഏറ്റവും വലിയ സ്ത്രീപക്ഷ സിനിമയായി മാറി.

ടോക്‌സിക് മസ്‌കുലിനിറ്റിയെ പ്രതിനിധീകരിക്കുന്ന ഷമ്മി എന്ന കഥാപാത്രം മുതല്‍ കുടുംബത്തിലെ പ്രശ്‌നങ്ങളില്‍ വൈകാരികമായി തകര്‍ന്നുപോയ സജി എന്ന കഥാപാത്രം വരെ മലയാളിക്ക് പുതിയൊരു കാഴ്ചയായിരുന്നു.

ജീവിതത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കഥയെ മനോഹരമായി ആവിഷകരിച്ചതില്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും വഹിച്ച പങ്ക് ചെറുതല്ല. കുമ്പളങ്ങിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയതില്‍ സുഷിന്‍ ശ്യാമിന്റെ സംഗീതവും ഒരു കാരണമാണ്. ഇന്നും പലരുടെയും പ്ലേലിസ്റ്റില്‍ ഉള്ള ഗാനമാണ് സിത്താര ആലപിച്ച ചെരാതുകള്‍.

കഥ പറച്ചില്‍ കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും കള്‍ട്ടായി മാറിയ സിനിമ വര്‍ഷങ്ങള്‍ കഴിഞ്ഞാലും വാഴ്ത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

Content Highlight: Seven years since the release of the movie Kumbalangi Knights 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more