| Monday, 5th May 2025, 7:37 am

പേവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പേവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി നിയ ഫൈസല്‍ അന്തരിച്ചു. മെയ് ഒന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിയ.

കൊല്ലം വിളക്കുടി സ്വദേശിയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യനില വഷളായി.

കുട്ടിക്ക് മൂന്ന് തവണയോളം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിക്കുന്ന് മൂന്നാമത്തെ കുട്ടിയാണിത്.

ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കുട്ടിയുടെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന താറാവിനെ ആക്രമിക്കാന്‍ ശ്രമിച്ച തെരുവ് നായയെ തടയുന്നതിനിടെയാണ് കുട്ടിക്ക് കടിയേല്‍ക്കുന്നത്.

കൈമുട്ടിനാണ് കടിയേറ്റത്. ഉടന്‍തന്നെ കുട്ടിയെ വീടിന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. പീന്നീട് ഏപ്രില്‍ 11, 15 തീയതികളില്‍ വാക്‌സിന്റെ രണ്ടും മൂന്നും ഡോസുകളും എടുത്തു.

അവസാന ഡോസ് മെയ് ആറിന് എടുക്കാനിരിക്കെ കുട്ടിക്ക് പനി ബാധിക്കുകയും കടിയേറ്റ കൈമുട്ട് ഭാഗത്ത് വേദന വര്‍ധിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കുട്ടിയെ കടിച്ച നായയെ തൊട്ടടുത്ത ദിവസം സമീപത്തെ വയലില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഏപ്രില്‍ 29ന് മലപ്പുറത്തും പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരണപ്പെട്ടിരുന്നു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയായ സിയ ഫാരിസ് ആയിരുന്നു മരിച്ചത്. മിഠായി വാങ്ങാന്‍ കടയിലേക്ക് പോകവെ കാലിനും തലയ്ക്കുമാണ് കുട്ടിക്ക് ആഴത്തില്‍ തെരുവ് നായയുടെ കടിയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെയാണ് കുട്ടി മരിച്ചത്.

Content Highlight: Seven-year-old girl dies due to rabies

We use cookies to give you the best possible experience. Learn more