| Tuesday, 2nd September 2025, 1:48 pm

ട്രാന്‍സ് മുതല്‍ ഓടും കുതിര ചാടും കുതിര വരെ, ഒമ്പതില്‍ ഏഴും ഫ്‌ളോപ്പായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ ലഭിച്ച നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം കേട്ട താരം തിരിച്ചുവരവില്‍ തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു. ഓരോ സിനിമയിലൂടെയും തന്നിലെ നടനെ പരമാവധി തേച്ചുമിനുക്കി ഇന്ത്യന്‍ സിനിമയെ ഒട്ടാകെ ഞെട്ടിച്ചു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ പല വമ്പന്മാരുടെയും ഇഷ്ടനടന്മാരിലൊരാളാണ് ഫഹദ് ഫാസില്‍.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് കേരളത്തിന് പുറത്ത് ശ്രദ്ധ നേടിയത്. ഷമ്മി എന്ന ആണഹന്ത നിറഞ്ഞ സൈക്കോ കഥാപാത്രം ഫഹദ് പകര്‍ന്നാടിയ വിധത്തെ പലരും അഭിനന്ദിച്ചിരുന്നു. പിന്നീട് ഫഹദിന്റെ പഴയ സിനിമകളെല്ലാം തമിഴ്‌നാട്ടിലെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. കൊവിഡ് ലോക്ക്ഡൗണിന്റെ സമയത്തും ഫഹദിന്റെ കഥാപാത്രങ്ങളായിരുന്നു കേരളത്തിന് പുറത്തുള്ള സിനിമാപ്രേമികളുടെ ചര്‍ച്ച.

ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലേക്കെത്തിയ മാലിക്, സീ യു സൂണ്‍, ജോജി എന്നീ ചിത്രങ്ങളിലെ പ്രകടനവും ഫഹദിന് വലിയ റീച്ച് സമ്മാനിച്ചു. പാന്‍ ഇന്ത്യനായുള്ള വളര്‍ച്ച ഇവിടം മുതലാണ് ഫഹദ് ആരംഭിച്ചത്.

കൊവിഡിന് ശേഷമെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ ഫഹദിന്റെ കരിയര്‍ മാറ്റിമറിച്ചു. വെറും 15 മിനിറ്റില്‍ കിടിലന്‍ വില്ലന്‍വേഷം കാഴ്ചവെച്ച് അല്ലു അര്‍ജുനെപ്പോലും നിഷ്പ്രഭമാക്കി. പിന്നാലെയെത്തിയ വിക്രമും ഫഹദിന് കൂടുതല്‍ റീച്ച് സമ്മാനിച്ചു. താരത്തിന്റെ പ്രകടനത്തിന് എല്ലായിടത്തും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ ഈ റീച്ച് പ്രതിഫലിപ്പിക്കാന്‍ ഫഹദിന് സാധിക്കുന്നില്ല. താരം നായകനായെത്തുന്ന സിനിമകളില്‍ പലതും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കുന്നില്ല. 2020 മുതല്‍ താരം നായകനായി വേഷമിട്ട ഒമ്പത് മലയാളസിനിമകളാണ് തിയേറ്റര്‍ റിലീസ് ചെയ്തത്. എന്നാല്‍ ഇതില്‍ ഏഴെണ്ണവും ബോക്‌സ് ഓഫീസില്‍ സ്വീകരിക്കപ്പെട്ടിട്ടില്ല.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് (2020) ഫ്‌ളോപ്പ് ടാഗാണ് സ്വന്തമാക്കിയത്. പിന്നാലെ 2022ല്‍ മലയന്‍കുഞ്ഞ് എന്ന ചിത്രവും തിയേറ്ററിലെത്തിയെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല. മികച്ച അഭിപ്രായം സ്വന്തമാക്കിയിട്ടും വേണ്ടത്ര പ്രൊമോഷനില്ലാത്തതിനാല്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടാനായിരുന്നു 2023ല്‍ റിലീസായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ വിധി.

കന്നഡയില്‍ തൊട്ടതെല്ലാം ഹിറ്റാക്കിയ ഹോംബാലേ ഫിലിംസിന്റെ മോളിവുഡിലെ അരങ്ങേറ്റം ഫഹദിനൊപ്പമായിരുന്നു. കണ്ടവരെല്ലാം ഒരേസ്വരത്തില്‍ മോശമെന്ന് അഭിപ്രായപ്പെട്ട ധൂമം (2023) ഹോംബാലെയുടെ കൈ പൊള്ളിച്ചു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ഫഹദിനെ ഉയരങ്ങളിലെത്തിച്ചു. മുമ്പത്തെ പരാജയങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നായിരുന്നു ആവേശത്തിന്റെ മാസ്മരിക വിജയം.

ബോക്‌സ് ഓഫീസില്‍ 170 കോടിയോളമാണ് ആവേശം സ്വന്തമാക്കിയത്. ഒ.ടി.ടി റിലീസിന് ശേഷം ഫഹദിനെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. രംഗന്‍ എന്ന കഥാപാത്രം ഐക്കോണിക്കായി ആളുകള്‍ ആഘോഷിച്ചു. ഫഹദ് ഇനി പാന്‍ ഇന്ത്യന്‍ സ്റ്റാറാകുമെന്ന് പലരും ധരിച്ചു. എന്നാല്‍ ആവേശത്തിന് മുമ്പുള്ള അതേ അവസ്ഥയിലേക്ക് ഫഹദ് എത്തി.

ആവേശത്തിന് ശേഷം ഫഹദ് ഭാഗമായ ബോഗെയ്ന്‍വില്ല ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് ഹിറ്റായി. എന്നിരുന്നാലും ചിത്രത്തില്‍ ഫഹദിന് പെര്‍ഫോം ചെയ്യാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഫഹദ് നായകനായെത്തിയ ഏറ്റവും പുതിയ മലയാളചിത്രം ഓടും കുതിര ചാടും കുതിരയുടെ ബോക്‌സ് ഓഫീസ് പ്രകടനവും അത്രകണ്ട് മെച്ചമല്ല. 30 കോടിയിലൊരുങ്ങിയ ചിത്രം ഇതുവരെ മൂന്ന് കോടി പോലും കളക്ട് ചെയ്തിട്ടില്ല.

അന്യഭാഷയിലും ഫഹദിന് അത്രകണ്ട് നല്ല സമയമല്ല. പുഷ്പയുടെ ആദ്യഭാഗത്തില്‍ ഗംഭീര അഭിപ്രായം ലഭിച്ചെങ്കിലും രണ്ടാം ഭാഗത്തില്‍ ആ കഥാപാത്രത്തെ ഇല്ലാതാക്കി കളഞ്ഞു. അല്ലു അര്‍ജുന് തിളങ്ങാന്‍ വേണ്ടി ഭന്‍വര്‍ സിങ് ശെഖാവത്തിനെ സംവിധായകന്‍ കോമാളിയാക്കി അവതരിപ്പിച്ചെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആ സിനിമ മനസില്ലാതെ ചെയ്യേണ്ടി വന്നതായിരുന്നെന്ന് ഫഹദ് അടുത്തിടെ പറഞ്ഞിരുന്നു. പുഷ്പ 2വിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഫഹദിന്റെ പ്രതികരണം.

വിക്രത്തിന് ശേഷം തമിഴില്‍ മൂന്ന് സിനിമകളില്‍ ഫഹദ് ഭാഗമായി. മാരി സെല്‍വരാജ് ഒരുക്കിയ മാമന്നനില്‍ തന്റെ വില്ലനിസം കൊണ്ട് ഫഹദ് തിളങ്ങി. എന്നാല്‍ രജിനികാന്തിനൊപ്പം ഒന്നിച്ച വേട്ടൈയനില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ചിത്രം വിജയിച്ചില്ല. വടിവേലുവിനൊപ്പം നായകവേഷം പങ്കിട്ട മാരീസനിലും മികച്ച പ്രകടനമായിരുന്നെങ്കിലും ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

പാന്‍ ഇന്ത്യന്‍ തലത്തില്‍ റീച്ചുണ്ടെങ്കിലും ബോക്‌സ് ഓഫീസ് വിജയത്തില്‍ കണ്‍സിസ്റ്റന്‍സി കാത്തുസൂക്ഷിക്കാന്‍ ഫഹദിന് സാധിക്കുന്നില്ല എന്നാണ് പ്രധാന വിമര്‍ശനം. പല സിനിമകള്‍ക്കും പ്രൊമോഷന്‍ ചെയ്യാത്തതിനെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം ശക്തമായ മറുപടി നല്‍കി ഫഹദ് തിരിച്ചുവരമെന്ന് തന്നെയാണ് കരുതുന്നത്.

Content Highlight: Seven out of nine films acted by Fahadh Faasil didn’t perform well in Box Office

We use cookies to give you the best possible experience. Learn more