ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭയില്‍ സ്വയം പ്രതിരോധമെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹബാസ് ഷെരീഫ്. ഇന്ത്യയുമായി ഏതുഘട്ടത്തിലും പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ പ്രകോപനമില്ലാതെ കിഴക്കന്‍ മുന്നണി (ഇന്ത്യ) പാകിസ്ഥാനെ ആക്രമിച്ചുവെന്നും ഷഹബാസ് ഷെരീഫ് യു.എന്നിലെ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
സ്വയം പ്രതിരോധിച്ചാണ് തങ്ങള്‍ മറുപടി നല്‍കിയതെന്നും അവരെ അപമാനിച്ച് തിരിച്ചയച്ചെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. കശിമീരില്‍ ഇന്ത്യ നടത്തുന്നത് സ്വേച്ഛാധിപത്യമാണെന്നും അത് അവസാനിപ്പിക്കണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെ വെള്ളപ്പൊക്ക കെടുതിയും യു.എന്നില്‍ പാകിസ്ഥാന്‍ ഉന്നയിച്ചു. 2022ല്‍ മാത്രം 34 ബില്യണിന്റെ നഷ്ടമുണ്ടായെന്നും ഇപ്പോഴും പാകിസ്ഥാന്‍ വെള്ളപ്പൊക്കം കാരണം ബുദ്ധിമുട്ടുകയാണെന്നും ഷെഹബാസ് ഷെരീഫ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷത്തിനിടെ പാകിസ്ഥാന്‍ ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കിയെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യു.എന്നില്‍ അവകാശപ്പെട്ടു.
പാകിസ്ഥാന്‍ വ്യോമസേനയെ അഭിനന്ദിക്കുകയും പൈലറ്റുകളെ ഫാല്‍ക്കണുകള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
‘ഞങ്ങളുടെ ഫാല്‍ക്കണുകള്‍ പറന്ന് ഏഴ് ഇന്ത്യന്‍ ജെറ്റുകളെ തകര്‍ത്തെറിഞ്ഞു’ എന്നാണ് ഷെഹബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിലെ പൊതു സമ്മേളനത്തില്‍ പറഞ്ഞത്.
നേരത്തേയും പാകിസ്ഥാന്‍ ഇന്ത്യയുടെഅഞ്ച് ജെറ്റ് വിമാനങ്ങളെ തകര്‍ത്തെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം നിഷേധിച്ച ഇന്ത്യ, പാകിസ്ഥാന്റെ അവകാശവാദത്തിന് തെളിവില്ലെന്നും പറഞ്ഞിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂരി’നെ കുറിച്ചായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാന്‍, പാകിസ്ഥാന്‍ അധിനിവേശ കാശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഒമ്പതിടങ്ങളിലാണ് ഇന്ത്യ വ്യോമ, മിസൈല്‍ ആക്രമണം നടത്തിയത്.
2025 മേയ് ഏഴിന് കശ്മീരിലെ പഹല്‍ഗാമിനടുത്തുള്ള ബൈസരണ്‍ വാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക വേഷത്തിലെത്തിയ തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ -ഇ- ത്വയിബയുടെ ദി റെസിഡന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു.
അതേസമയം, ഐക്യരാഷ്ട്രസഭയിലേക്ക് പ്രസംഗത്തിനായി എത്തുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച ഷെഹബാസ് ഷെരീഫ് പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പരാജയപ്പെടുത്തുകയാണെന്ന് അവകാശപ്പെട്ടിരുന്നു.
പാകിസ്ഥാന്‍ എപ്പോഴാണ് അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുക? എന്ന എ.എന്‍.ഐ പ്രതിനിധിയുടെ ചോദ്യത്തിനാണ് തങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ പരാജയപ്പെടുത്തുകയാണ്. ‘അവരെ’ (ഇന്ത്യ) പരാജയപ്പെടുത്തുകയാണ് എന്ന് പ്രതികരിച്ചത്.
യു.എന്നിലെ പ്രസംഗത്തിന് മുമ്പായി പാകിസ്താന്‍ പ്രധാനമന്ത്രി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയും നടത്തി. വൈറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക സുരക്ഷ, തീവ്രവാദവിരുദ്ധ സഹകരണം തുടങ്ങിയവയാണ് ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ, ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ മൂന്നാംകക്ഷിയെ ഉള്‍പ്പെടുത്തില്ലെന്ന നിലപാട് പാകിസ്ഥാന്‍ ആവര്‍ത്തിച്ചു.
Content Highlight: India attacked in self-defense; Seven Indian jets were shot down, sent back in disgrace; Shehbaz Sherif at the UN