| Wednesday, 16th July 2025, 4:38 pm

മഞ്ജുവിൻ്റെ അഭിനയം കണ്ട് കരഞ്ഞു, ഇപ്പോൾ കണ്ടാലും സങ്കടം വരും: സേതുലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായ അഭിനേത്രിയാണ് സേതുലക്ഷ്മി. മഞ്ജു വാര്യർ തിരിച്ചുവരവ് നടത്തിയ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ തമിഴ് റീമേക്കായ 36 വയദിനിലെയിലും സേതുലക്ഷ്മി അഭിനയിച്ചിരുന്നു. ഇപ്പോൾ തന്നെ എല്ലാവരും ഓർക്കുന്നത് ഹൗ ഓൾഡ് ആർ യൂ ചിത്രത്തിലൂടെയാണെന്ന് സേതുലക്ഷ്മി പറയുന്നു.

ആ സിനിമയിൽ വെച്ച് മഞ്ജു വാര്യർ പാവമാണെന്ന് മനസിലായെന്നും തന്നെ ഇടക്ക് വിളിക്കാറുണ്ടെന്നും അവർ പറഞ്ഞു. മഞ്ജുവുമായുള്ള രംഗങ്ങൾ ഇപ്പോൾ കണ്ടാലും സങ്കടം വരുമെന്നും അവരുടെ അഭിനയം കണ്ട് താൻ കരഞ്ഞുപോയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

‘ഇന്നും എന്നെ ആളുകൾ ഓർക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് ‘ഹൗ ഓൾഡ് ആർ യൂ’വിലേത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് സാറാണെന്നറിഞ്ഞപ്പോൾ പേടിതോന്നി. നേരിട്ട് പരിചയപ്പെട്ടപ്പോഴല്ലേ ആളൊരു പാവമാണെന്ന് മനസിലായത്. ഇടക്ക് വിളിക്കാറുണ്ട്.

നായിക മഞ്ജു വാര്യർ എന്ന് കേട്ടപ്പോഴേ ഞാൻ ഞെട്ടി. മലയാളത്തിലെ മികച്ച നടിമാരിലൊരാൾ ആണ്. തിരിച്ചുവരവിൽ അവർക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ. സെറ്റിൽവെച്ച് ഒരിക്കൽ മഞ്ജു ഓടിവന്ന് കെട്ടിപ്പിടിച്ചു ‘എവിടെയായിരുന്നു ഇത്രയും നാൾ? എന്ത് പെർഫോമൻസായിരുന്നു. ഞെട്ടിച്ചുകളഞ്ഞു’ എന്ന് മഞ്ജു പറഞ്ഞു. മഞ്ജു അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമായി.

‘മോളുടെ കൂടെ അഭിനയിക്കുകയാണെന്നറിഞ്ഞപ്പോൾ ഞാനും ഞെട്ടി’ എന്ന് ഞാൻ പറഞ്ഞു. പരിഭ്രമമൊക്കെ മാറ്റിവെച്ച് ഞാനും പറഞ്ഞു. മഞ്ജു വളരെ സ്നേഹമുള്ളയാളാണ്.

മഞ്ജുവിനൊപ്പമായതുകൊണ്ടാകാം ആ സിനിമയിൽ എന്റെ അഭിനയവും നന്നായി. ഞാനും മഞ്ജുവുമായുള്ള രംഗങ്ങൾ ഇപ്പോൾ കണ്ടാലും സങ്കടപ്പെടുത്തും. ഞാൻ ഗ്ലിസറിനുപയോഗിക്കാറില്ല. പല സീനുകളിലും മഞ്ജുവിന്റെ അഭിനയം കണ്ട് കരഞ്ഞുപോയിട്ടുണ്ട്,’ സേതുലക്ഷ്മി പറയുന്നു.

Content Highlight: Actress Sethulakshmi talks about Manju Warrier and the film How Old Are You

We use cookies to give you the best possible experience. Learn more