| Thursday, 14th August 2025, 12:56 pm

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എം.ആർ. അജിത് കുമാറിന് തിരിച്ചടി; ക്‌ളീൻ ചിറ്റ് തള്ളി വിജിലൻസ് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് തിരിച്ചടി. അജിത് കുമാറിന് ക്‌ളീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം സ്പെഷൽ വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിജിലൻസിന്റെ ക്ലീൻചിറ്റ് റിപ്പോർട്ട് അം​ഗീകരിക്കാനാവില്ലെന്നും, ഈ വിഷയത്തിൽ മുഴുവൻ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസിന്റെ റിപ്പോർട്ടിനെ ചോദ്യം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് നാഗരാജൻ ആണ് ഹരജി സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസ് കോടതി അന്വേഷിക്കും.

പരാതിക്കാരനായ നാ​ഗരാജിന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തും. എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ കീഴുദ്യോ​ഗസ്ഥരായ എസ്.പി യും ഡി.വൈ.എസ്.പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.

വിജിലൻസ് കോടതിയുടെ റിപ്പോർട്ട് പ്രകാരം, എം.ആർ. അജിത് കുമാറിനെതിരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഹരജിക്കാരൻ സമർപ്പിച്ച രേഖകൾ നിയമപരമായി നിലനിൽക്കില്ലെന്നും, ആരോപണങ്ങൾ മാത്രമാണ് ഉന്നയിച്ചിട്ടുള്ളതെന്നും കോടതി കണ്ടെത്തി. തുടർന്ന്, വിശദമായ പരിശോധനകൾക്കായി കോടതി ഈ മാസം 30-ന് പരാതിക്കാരനായ നാഗരാജിനെ നേരിട്ട് വിളിച്ച് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Content Highlight: Setback for MR Ajith Kumar in disproportionate assets case; Vigilance court rejects clean chit

We use cookies to give you the best possible experience. Learn more