2026 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയെ നേരിടാനൊരുങ്ങുകയാണ് ഫ്രാന്‍സ്. മത്സരത്തിന് മുന്നോടിയായി ഫ്രാന്‍സിന് കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയ്‌ക്കെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം മൈക്കല്‍ ഒലീസെക്ക് ലഭിച്ച മഞ്ഞക്കാര്‍ഡ് റദ്ദാക്കണമെന്ന ഫ്രാന്‍സിന്റെ അപ്പീല്‍ തള്ളിയിരിക്കുകയാണ് ഫിഫ.
ഒലീസെയുടെ മഞ്ഞക്കാര്‍ഡ് ഫിഫ നിലനിര്‍ത്തിയ വിവരം പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഈ ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി മികച്ച പ്രകടനമാണ് ഒലീസെ കാഴ്ചവെക്കുന്നത്.
ഫിഫയുടെ ഈ തീരുമാനം വന്നതോടെ മൊറോക്കോയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഒലീസെ കടുത്ത ജാഗ്രതയോടെ കളിക്കേണ്ടി വരും.
പരാഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ തര്‍ക്കത്തിനിടെയാണ് ഒലീസെക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. എന്നാല്‍ റീപ്ലേകളില്‍ ഒലീസെയും പരാഗ്വേ താരം മാറ്റിയാസ് ഗലാര്‍സയും തമ്മില്‍ വലിയ രീതിയിലുള്ള ഫിസിക്കല്‍ കോണ്‍ഡാക്ട് ഉണ്ടായിരുന്നില്ല.
ഒലീസെ തന്റെ ചുണ്ടില്‍ വിരല്‍ വെച്ച് മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചിരുന്നു. മാത്രമല്ല മാറ്റിയാസിന്റെ പ്രകോപനത്തില്‍ ജേഴ്‌സിയില്‍ ഒലീസെ പിടിച്ചതായും ദൃശ്യത്തിലുണ്ട്. എന്നാല്‍ പരാഗ്വേ താരം മുഖത്ത് അടിയേറ്റതുപോലെ നിലത്ത് വീഴുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഫ്രാന്‍സ് അപ്പീല്‍ നല്‍കിയതെങ്കിലും ഫിഫ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഫിഫയുടെ ഈ കടുത്ത തീരുമാനത്തോടെ ഒലീസെ ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഭീതിയിലാണ്. മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം വീണ്ടുമൊരു മഞ്ഞക്കാര്‍ഡ് കൂടി വഴങ്ങിയാല്‍, ഫ്രാന്‍സ് സെമിഫൈനലില്‍ പ്രവേശിച്ചാലും ഒലീസെക്ക് കളി നഷ്ടമാകും.
എന്നാല്‍ ബെല്‍ജിയത്തിനെതിരായ പോരാട്ടത്തില്‍ യു.എസ്.എയ്ക്ക് അനുകൂലമായ ഫിഫയുടെ നടപടിയും ഇതിനോടൊപ്പം ചര്‍ച്ച ചെയ്യുകയാണ് ഫുട്‌ബോള്‍ ലോകം. ബോസ്‌നിയക്കെതിരായ നോക്കൗട്ട് മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ യു.എസ് സ്‌ട്രൈക്കര്‍ ഫോളറിന്‍ ബലോഗന് ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ ഫിഫ അനുമത നല്‍കിയിരുന്നു.
സാധാരണ സാഹചര്യത്തില്‍ ചുവപ്പുകാര്‍ഡ് ലഭിക്കുന്ന ഏതൊരു താരത്തിനും അടുത്ത മത്സരം സസ്‌പെന്‍ഷനിലായിരിക്കും. ഫിഫയുടെ അച്ചടക്കച്ചട്ടങ്ങളിലും ഇക്കാര്യം വ്യക്തമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുമ്പില്ലാത്ത രീതിയില്‍ ഒരു ആതിഥേയ രാജ്യത്തിന് ഫിഫ ഇളവ് നല്‍കിയെന്നാണ് വിമര്‍ശനം.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് ബന്ധപ്പെട്ട് ബലോഗന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Setback for France ahead of the World Cup quarter-final; FIFA rejects appeal; FIFA’s stance favoring the USA sparks discussion