തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്ക് തിരിച്ചടി. ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ഇരുപത് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്.
ബലിദാനികളുടെ പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്തതിന് പിന്നാലെ നടന്ന സത്യപ്രതിജ്ഞ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ഇത് ചട്ടവിരുദ്ധമാണെന്നും കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്നുമാവശ്യപ്പെട്ട് സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ എസ്. ദീപക് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
വിവിധ ബലിദാനികളുടെയും ആള്‍ദൈവങ്ങളുടെയും പേരിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതാണ് വിവാദത്തിന് കാരണമായത്.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാം, എന്നാല്‍ ബലിദാനികളുടെ പേരില്‍ എങ്ങനെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയുമെന്നും സി.പി.ഐ.എം ചോദ്യമുന്നയിച്ചിരുന്നു. ഈ വാദങ്ങളെല്ലാം അനുകൂലിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്നും അതിനാല്‍ നാലാഴ്ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞ വിവാദമായതോടെ അതില്‍ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
Content Highlight: Setback for BJP: High Court sets aside the swearing-in of Thiruvananthapuram Corporation councilors.