തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി എസ്. സുദീപ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
പുതിയ കമ്മീഷണറെ ‘ആന്റി-വെനം കണ്ടുപിടിക്കാത്ത, കൊടിയ വിഷമുള്ള സംഘപരിവാറുകാരന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ വിഷയം തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിവില്‍ സര്‍വീസിനുള്ളില്‍ അതിശക്തമായ ഒരു ഉപജാപക/മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇതിലെ പലരും സമാനമായ നിലപാടുള്ളവരാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു പ്രത്യേക സംഘടനയെ ഏറെക്കാലമായി നിയന്ത്രിക്കുന്നത് ഇതേ സംഘമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
അധികാരത്തിന്റെ ഇടനാഴികളില്‍ ഇത്തരക്കാര്‍ക്ക് സ്വാധീനം ലഭിച്ചത് വലതുപക്ഷ സര്‍ക്കാര്‍ വന്നപ്പോള്‍ മാത്രമല്ലെന്ന് സുദീപ് ചൂണ്ടിക്കാട്ടുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവിയിലെത്തുകയും ഇന്നും ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്ന മറ്റൊരു ഉന്നത ഉദ്യോഗസ്ഥന്റെ (‘മറ്റൊരു നാഥന്‍’) വലംകൈയാണ് പുതിയ പദവിയിലെത്തുന്ന വ്യക്തിയെന്നും, ഇരുവരും ഈ മാഫിയാ സംഘത്തിന്റെ പ്രധാനികളാണെന്നും അദ്ദേഹം ആരോപിച്ചു
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം നിയമനങ്ങളെ വിമര്‍ശിച്ചവര്‍ക്കെല്ലാം തീവ്രവാദി പട്ടം നല്‍കി ഒതുക്കുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ സംഘപരിവാര്‍ ബന്ധം പരസ്യമായതില്‍ പുതിയ നിയമനം ലഭിച്ച വ്യക്തി അത്യധികം ആഹ്ലാദിക്കുന്നുണ്ടാകുമെന്നും, അഞ്ച് വര്‍ഷത്തിന് ശേഷവും മറ്റൊരു ഉന്നത പദവി കൂടി ഉറപ്പിക്കാനായതിന്റെ സന്തോഷത്തിലാവാം അദ്ദേഹമെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം പദവികള്‍ കേന്ദ്രത്തിലോ കേരളത്തിലോ ഇനിയും ഇവര്‍ക്കായി ഒരുങ്ങുന്നുണ്ടാകാമെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘപരിവാര്‍ അനുഭാവമുള്ളവര്‍ ഉന്നത പദവികളിലേക്ക് എത്താനിരിക്കുകയാണെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആന്റി-വെനം കണ്ടുപിടിക്കാത്ത, കൊടിയ വിഷമുള്ള സംഘപരിവാറുകാരനാണ് അയാള്‍. എനിക്കു നേരിട്ടറിയാവുന്ന കാര്യമാണ്.
അയാള്‍ മാത്രമല്ല. അയാളുടെ സര്‍വീസിലെ പലരും അങ്ങനെ തന്നെയാണ്.അവരുടെ അതിശക്തമായ ഒരു ഉപജാപക/ മാഫിയാ സംഘം തന്നെയുണ്ട് സര്‍വീസില്‍. ടിയാന്മാരുടെ സംഘടനയെ ഏറെക്കാലമായി നിയന്ത്രിക്കുന്നതും അതേ സംഘം തന്നെയാണ്.
വലതു സര്‍ക്കാര്‍ വന്നപ്പോള്‍ മാത്രമല്ല അധികാരത്തിന്റെ ഇടനാഴികള്‍ അവര്‍ക്കു പ്രാപ്യമായത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവിയിലെത്തി ഇന്നും അതേ പദവിയില്‍ വിരാജിക്കുന്ന മറ്റൊരു നാഥനും കൊടിയ സംഘ പരിവാറുകാരന്‍ തന്നെയാണ്. അയാളുടെ വലം കൈയാണ് പുതിയ പദവിയിലെത്തുന്ന ഉന്നതനും. ഇരുവരും മുന്‍പറഞ്ഞ മാഫിയയുടെ കുന്തമുനകളാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ ആ നിയമനത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം തീവ്രവാദി പട്ടം കിട്ടിയതു മാത്രം മിച്ചം.
ഇപ്പോഴും മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല. സംരക്ഷിക്കാന്‍ നാഥനുള്ള കളരികളില്‍ പറയറ്റുന്നവര്‍ക്കു ഭയക്കേണ്ടതില്ല.
സംഘ ലേബല്‍ പരസ്യമായതില്‍ അയാള്‍ അത്യധികം ആഹ്ലാദിക്കുന്നുണ്ടാവും.
അഞ്ച് വര്‍ഷത്തിനു ശേഷവും അടുത്ത ഉന്നത പദവി ഉറപ്പിക്കാനായതിന്റെ ആഹ്ലാദം. അതു കേന്ദ്രത്തിലാവാം, കേരളത്തിലുമാവാം.
അയാള്‍ക്കു പിന്നാലെ ഇനിയുമെത്രയോ സംഘ പരിവാര്‍ വിഷങ്ങള്‍ എത്രയെത്ര ഉന്നത പദവികളിലേയ്ക്ക് എത്താനിരിക്കുന്നു!
Content Highlight: Seshadrinathan’s appointment: A highly venomous Sangh Parivar member who has not found an anti-venom; S. Sudeep strongly criticizes