രഞ്ജി ട്രോഫിയില്‍ റിയാന്‍ പരാഗിന്റെ അസമിനെതിരെ രണ്ടാം ദിവസം തന്നെ വിജയിച്ച് സര്‍വീസസ്. എട്ട് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്. മത്സരത്തില്‍ വെറും 540 പന്തുകള്‍ മാത്രമാണ് എറിഞ്ഞത്. ഇതോടെ രഞ്ജി ട്രോഫിയിലെ ഏറ്റവും ചെറിയ മത്സരമെന്ന റെക്കോഡും ഈ ടീമുകള്‍ സ്വന്തമാക്കി.
1961 – 62 കാലത്തെ ദല്‍ഹിയും റെയില്‍വേയ്‌സും തമ്മിലുള്ള മത്സരത്തിന്റെ റെക്കോഡാണ് അസം – സര്‍വീസ് മത്സരം തകര്‍ത്തത്. അന്ന് 544 പന്തുകളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. പന്തുകളുടെ അടിസ്ഥാനിലാണ് ഈ മത്സരം രഞ്ജി ട്രോഫി ചരിത്രത്തിലെ ചെറിയ മത്സരമായി നേട്ടം കൊയ്തത്. ഇതിന് പുറമെ, ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആഭ്യന്തര ടൂര്‍ണമെന്റില്‍ ഒരേ ഇന്നിങ്‌സില്‍ രണ്ട് ഹാട്രിക്ക് എന്ന അപൂര്‍വതയും ഈ മത്സരത്തില്‍ പിറന്നു.
മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ അസം ബാറ്റ് ചെയ്യുമ്പോളാണ് ഈ രണ്ട് ഹാട്രിക്കുകള്‍ പിറന്നത്. അര്‍ജുന്‍ ശര്‍മയും മോഹിത് ജംഗ്രയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ ദിവസം തന്നെ അസം ഒന്നാം ഇന്നിങ്‌സില്‍ 103 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി പ്രദ്യുന്‍ സൈകിയയും റിയാന്‍ പരാഗും മാത്രമാണ് സ്‌കോര്‍ ചെയ്തത്. സൈകിയ 42 പന്തില്‍ 52 റണ്‍സും പരാഗ് 31 പന്തില്‍ 36 റണ്‍സുമാണ് അടിച്ചത്. ഇവര്‍ക്ക് പുറമെ ആരും റണ്‍സ് നേടാത്തതാണ് ടീമിന് വിനയായത്.
ഹാട്രിക്കടക്കം അഞ്ച് വിക്കറ്റ് നേടിയ അര്‍ജുന്‍ ശര്‍മയാണ് അസമിനെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായത്. ഒപ്പം മറ്റൊരു ഹാട്രിക്കുമായി ജംഗ്രയും രണ്ട് വിക്കറ്റുമായി പുല്‍കിത് നാരംഗും തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ സര്‍വീസസിന് വെറും മൂന്ന് റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ടീമിനായി 81 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയ ഇര്‍ഫാന്‍ ഖാന് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളു. അതോടെ 108 റണ്‍സിന് സര്‍വീസസിന്റെ രണ്ടാം ഇന്നിങ്സ് അവസാനിച്ചു.
അസമിനായി പരാഗ് അഞ്ച് വിക്കറ്റുമായി തിളങ്ങി. രാഹുല്‍ സിങ് നാല് വിക്കറ്റും മുഖ്താര്‍ ഹുസൈന്‍ ഒരു വിക്കറ്റും നേടി.
ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ മൂന്നാം ഇന്നിങ്‌സിലും അസമിന് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. ടീം 29.3 ഓവറില്‍ 75ന് പുറത്തായി. ഈ ഇന്നിങ്‌സില്‍ സുമിത് ഘഡിഗ്വകര്‍ (72 പന്തില്‍ 25), പരാഗ് (14 പന്തില്‍ 12), ഡെനിഷ് ദാസ് (22 പന്തില്‍ 10) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
ആദ്യ ഇന്നിങ്‌സിലേത് പോലെ അര്‍ജുന്‍ ശര്‍മ തന്നെയാണ് ഇതിലും അസാമിനെ തകര്‍ത്തത്. താരം നാല് വിക്കറ്റ് നേടിയപ്പോള്‍ അമിത് ശുക്ല മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഒപ്പം നാരംഗ് രണ്ട് വിക്കറ്റും ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി.
നാലാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെത്തിയ സര്‍വീസസ് 71 എന്ന വിജയലക്ഷ്യം 14ാം ഓവറില്‍ തന്നെ മറികടന്നു. എട്ട് പന്തില്‍ പുറത്താവാതെ 20 റണ്‍സ് നേടിയ രവി ചൗഹാനും 29 പന്തില്‍ പുറത്താവാതെ 16 റണ്‍സെടുത്ത മോഹിത് അഹ്ലാവതുമാണ് ടീമിനെ ജയിപ്പിച്ചത്.
പരാഗ് അസമിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും ടീമിനെ വിജയിപ്പാക്കാനായില്ല.
Content Highlight: Services defeated Assam in second day, registered Shortest match in Ranji Trophy and first ever two hat-tricks in the same innings