ജിയോ ഹേട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാളം വെബ് സീരിസാണ് റോസ്ലിന്‍. റോസ്ലിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം. സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ സീരീസിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് വരുന്നത്.
‘മൂത്തോന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സഞ്ജന ദീപു ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ വിനീതും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ വിനീത് സീരിസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
റോസ്ലിന്‍ എന്ന സീരീസ് മോഹന്‍ലാലിന്റെ സിനിമയായ നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തെ ഓര്‍മിപ്പിക്കുമെന്ന് വിനീത് പറയുന്നു.
‘റോസ്ലിന്‍ ശരിക്കും മുന്തിരിത്തോപ്പുകള്‍ ഓര്‍മിപ്പിക്കും. അതിന്റെ ലൊക്കേഷന്‍, ജോഗ്രഫി, വീടിന്റെ മുമ്പിലുള്ള ഊഞ്ഞാല്‍ അങ്ങനെ പല കാര്യങ്ങളും നമ്മളെ മുന്തിരിത്തോപ്പുകള്‍ സിനിമയിലേക്ക് കൊണ്ട് പോകും. അതുപോലെ സോളമനും ആന്റണിയും സൈക്കളോടിക്കുന്ന സ്ഥലവും. അതേ സ്ട്രക്ച്ചറാണ് റോസ്ലിനിന്റെ വീടിനും.
വീടിന്റെ പുറത്ത് സഞ്ജനയുമായി കുറേയധികം കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പിന്റ സൈറ്റും അതിലെ കഥാപാത്രങ്ങളുമൊക്കെ ഓര്‍മവന്നു. ലാലേട്ടനെയും ശാരിയെയും കവിയുര്‍ പൊന്നമ്മയെയുമൊക്കെ ഓര്‍വന്നു,’ വിനീത് പറയുന്നു.
റോസ്ലിന്റെ ഷൂട്ടിങ് വളരെ നൊസ്റ്റാള്‍ജിക് അനുഭവം തന്നുവെന്നും വിനീത് പറഞ്ഞു. കവിയൂര്‍ പൊന്നമ്മ തന്റെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളെന്നും അവര്‍ ഗംഭീര പെര്‍ഫോമന്‍സാണ് സിനിമയില്‍ കാഴ്ച്ചവെച്ചതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
പി. പത്മരാജന്‍ തിരക്കഥയയെഴുതി സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍. മോഹന്‍ലാല്‍, ശാരി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ വിനീത് ബാലതാരമായി അഭിനയിച്ചിരുന്നു. പത്മരാജന്റെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള സിനിമയാണ് നമുക്ക് പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍.
അതേസമയം സീക്രട്ട്‌സ് സ്റ്റോറീസ് റോസ്ലിന്‍ ഫെബ്രുവരി 27നാണ് ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചത്. സീരീസില്‍ മീന, ഹക്കിം ഷാ തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Series Roslin will remind you of the movie Namukku Parkkan Munthirithoppukal
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ