ബെല്‍ഗ്രേഡ്: സെര്‍ബിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ ബലപ്രയോഗം നടത്തിയ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. രണ്ട് വര്‍ഷത്തോളമായി നടന്ന വിദ്യാര്‍ഥിപ്രതിഷേധം മുന്‍ പ്രസിഡന്റ് അലക്‌സാന്‍ഡര്‍ വുസിച്ചിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതില്‍ ചെന്നാണ് അവസാനിച്ചത്.
2025 ഓഗസ്റ്റില്‍ ബെല്‍ഗ്രേഡിലെ സര്‍ക്കാര്‍ വക സ്ഥലത്തുള്ള ഒരു ഗാരേജില്‍ വെച്ച് അറസ്റ്റിലായവര്‍ നിരവധി ആളുകളെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇവര്‍ ഇപ്പോഴും സര്‍വീസിലുള്ളവരാണ്.
പ്രതികള്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ നിരവധി പേരെ വിവരങ്ങള്‍ ലഭിക്കാനും ഭയപ്പെടുത്താനും നിയമവിരുദ്ധമായി ശിക്ഷിക്കാനുമായി ബലപ്രയോഗം നടത്തിയതായി സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
2024 നവംബറില്‍ നോവി സാദിലെ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍ക്കൂര തകര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സെര്‍ബിയയില്‍ അഴിമതിവിരുദ്ധ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ഈ സംഭവം വുസിച്ചിന്റെ ഭരണത്തില്‍ വ്യാപകമായ അഴിമതിയുടെ ലക്ഷണമായാണ് വിലയിരുത്തപ്പെട്ടത്. 12 വര്‍ഷം പ്രസിഡന്റായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പരാജയം സമ്മതിച്ചു.
പ്രതികളുടെ പേരിന്റെ ഇനിഷ്യലുകള്‍ മാത്രമാണ് മന്ത്രാലയം പുറത്തുവിട്ടത്, എന്നാല്‍ അവര്‍ പൊലീസിലെ ഒരു ഉന്നത യൂണിറ്റില്‍ സേവനമനുഷ്ഠിച്ചവരാണെന്ന് അറിയിച്ചു. സ്‌പെഷ്യല്‍ ആന്റിടെററിസ്റ്റ് യൂണിറ്റിന്റെ കമാന്‍ഡര്‍ ഇഗോര്‍ സ്മിരിച്ച് തടവിലാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ റേഡിയോ ടെലിവിഷന്‍ ഓഫ് സെര്‍ബിയ (ആര്‍.ടി.എസ്) റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസത്തെ വോട്ടെടുപ്പിന് ശേഷം, വിജയിച്ച വിദ്യാര്‍ഥി നേതൃത്വത്തിലുള്ള പ്രതിഷേധ പ്രസ്ഥാനമായ സ്റ്റുഡന്റ് ലിസ്റ്റ് പോലീസും ഇന്റലിജന്‍സ് സേവനങ്ങളും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
വുസിച്ച് അധികാരത്തിലിരുന്നപ്പോള്‍ ഭരണകൂടവുമായി ഒത്തുകളിച്ചെന്ന് ആരോപിച്ച്, ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെക്കണമെന്നും സ്റ്റുഡന്റ് ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബറിലെ തെരഞ്ഞെടുപ്പിന് ശേഷം, പുതിയ സര്‍ക്കാര്‍ ജനാധിപത്യം ശക്തിപ്പെടുത്തിയാല്‍ കൂടുതല്‍ അംഗത്വ ചര്‍ച്ചകള്‍ നടത്താമെന്ന് യൂറോപ്യന്‍ യൂണിയന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ബെല്‍ഗ്രേഡ് യൂണിയനില്‍ ചേരുമെന്ന പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.
Content Highlight: Serbian officers arrested for using ‘excessive force’ against protesters.