കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്നാണ് പലരും ഭ ഭ ബയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. ദിലീപിനൊപ്പം മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ല. വന്‍ ബജറ്റിലെത്തിയ ഭ ഭ ബ നിര്‍മാതാവിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്.
ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ടാം ഭാഗമുണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് അവസാനിച്ച ചിത്രത്തിന്റെ സീക്വല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പറയാതെ പറഞ്ഞ അപ്‌ഡേറ്റാണ് പുറത്തുവിട്ടത്. തമിഴ് താരം എസ്.ജെ സൂര്യയും സംവിധായകന്‍ ധനഞ്ജയ് ശങ്കറും തിരക്കഥാകൃത്ത് ഫഹീം സഫറും ചേര്‍ന്ന് നടത്തുന്ന വീഡിയോ കോളിന്റൈ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
എന്നാല്‍ വലിയ രീതിയില്‍ നെഗറ്റീവ് പ്രതികരണമാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ യാതൊരു ആവശ്യവുമില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യഭാഗം തന്ന തലവേദന ഇനിയും അവസാനിച്ചില്ലെന്നും രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.
നിര്‍മാതാവ് ഗോകുലം ഗോപാലന്റെ പൈസ നശിപ്പിക്കാന്‍ വേണ്ടിയാണോ ഇപ്പോള്‍ രണ്ടാം ഭാഗവുമായി വരുന്നതെന്നും കമന്റുകളുണ്ട്. ‘ദിലീപിന്റെ ഗോബാക്ക് 2.0’, ‘എന്ത് വേണമെങ്കിലും ചെയ്‌തോ, മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരരുത്’ എന്നൊക്കെയാണ് പലരും അഭിപ്രായപ്പെടുന്നത്. ധനഞ്ജയ് ശങ്കര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഫോട്ടോ പങ്കുവെച്ചത്.
എസ്.ജെ. സൂര്യ അവതരിപ്പിച്ച ഓസ്‌കര്‍ ബ്രദേഴ്‌സും മോഹന്‍ലാലും ദിലീപും ചേര്‍ന്ന ഗില്ലി ബ്രദേഴ്‌സും തമ്മിലുള്ള പോരാട്ടമാകും രണ്ടാം ഭാഗത്തിന്റെ പ്രധാന കഥയെന്ന് സൂചന നല്‍കിക്കൊണ്ടാണ് ഭ ഭ ബ അവസാനിച്ചത്. ആദ്യഭാഗം പരാജയമായതിനാല്‍ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ പങ്കുവെച്ച ഫോട്ടോ ആദ്യ ഭാഗത്തിന്റെ സ്‌റ്റോറി ഡിസകഷന്റേതാകുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സ്പൂഫ് ഴോണറില്‍ ഒരുങ്ങിയ ഭ ഭ ബ പ്രേക്ഷകര്‍ക്ക് അസഹനീയ അനുഭവമായിരുന്നു. ലോജിക്കില്ല, മാഡ്‌നെസ്സ് മാത്രം എന്ന ടാഗ്‌ലൈനിലെത്തിയ ചിത്രത്തെ ഒ.ടി.ടി റിലീസിന് ശേഷം ട്രോളന്മാര്‍ വലിച്ചുകീറി.
Content Highlight: Sequel update of Bha Bha Ba movie by director getting trolls