| Thursday, 2nd October 2025, 8:18 pm

ആഹാ... ഇത്തവണ പൃഥ്വിരാജുമുണ്ടല്ലോ, ഓപ്പറേഷന്‍ ജാവ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്ത് തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വമ്പന്‍ സ്റ്റാര്‍ കാസ്റ്റൊന്നുമില്ലാതെ വന്ന് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ലുക്മാന്‍, ബാലു വര്‍ഗീസ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കൊവിഡിന് ശേഷം വന്ന മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. തരുണ്‍ മൂര്‍ത്തിയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഓപ്പറേഷന്‍ ജാവ.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍ക്കൊപ്പം പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാണെന്ന വിവരം സിനിമാപ്രേമികളെ ഞെട്ടിച്ചു. ഓപ്പറേഷന്‍ കംബോഡിയ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ആദ്യ ഭാഗത്തെക്കാള്‍ ഗംഭീരമാകും രണ്ടാം ഭാഗമെന്നാണ് കരുതുന്നത്.

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായത് അന്വേഷിക്കാനായി സൈബര്‍ സെല്ലിനെ സഹായിക്കാനെത്തുന്ന രണ്ട് തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ സൈബര്‍ സെല്ലിലെ താത്കാലിക ജീവനക്കാരാകുന്നതാണ് ഓപ്പറേഷന്‍ ജാവയുടെ കഥ. മൂന്ന് വ്യത്യസ്ത മിഷനുകളിലൂടെയായിരുന്നു ചിത്രം വികസിച്ചത്. ഒടുവില്‍ സൈബര്‍ സെല്ലിലെ താത്കാലിക ജോലിയും അവസാനിച്ച് വീണ്ടും തൊഴിലില്ലാത്ത അവസ്ഥയിലേക്ക് പോയ വിനയനെയും ആന്റണിയെയും കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിച്ചത്.

രണ്ടാം ഭാഗത്തില്‍ വിനയനും ആന്റണിയും ഐസക്കും പ്രതാപനും ബഷീറുമെല്ലാം പഴയതിനെക്കാള്‍ ശക്തരായി എത്തുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. തുടരും എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം മലയാളത്തിലെ മൂല്യമേറിയ സംവിധായകനായി മാറിയ തരുണ്‍ വീണ്ടും ഞെട്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷകള്‍.

നിലവില്‍ ഫഹദിനെയും നസ്‌ലെനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ടോര്‍പ്പെഡോയുടെ തിരക്കിലാണ് തരുണ്‍. ബിനു പപ്പു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ തമിഴ് താരം അര്‍ജുന്‍ ദാസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ടോര്‍പ്പെഡോയുടെ തിരക്കുകള്‍ക്ക് ശേഷമാകും ഓപ്പറേഷന്‍ ജാവയുടെ രണ്ടാം ഭാഗത്തിലേക്ക് തരുണും സംഘവും കടക്കുക.

ആദ്യ ഭാഗത്തിന്റെ അതേ ക്രൂ തന്നെയാണ് രണ്ടാം ഭാഗത്തിലും ഒന്നിക്കുന്നത്. തുടര്‍ച്ചയായി രണ്ട് 200 കോടി ചിത്രങ്ങളുടെ ഭാഗമായ ജേക്‌സ് ബിജോയ്‌യാണ് ഓപ്പറേഷന്‍ കംബോഡിയയിലും പ്രവര്‍ത്തിക്കുന്നത്. ഫൈസ് സിദ്ദിഖാണ് ഛായാഗ്രഹണം. വി സിനിമാസ് ഇന്റര്‍നാഷണലും വേള്‍ഡ്‌വൈഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight; Sequel of Operation Jawa movie announced and titled as Operation Cambodia

We use cookies to give you the best possible experience. Learn more