| Friday, 7th November 2025, 10:49 pm

ഇത്തവണ വരുന്നത് മോഹിനിയാട്ടവുമായി, ഒ.ടി.ടിയിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഭരതനാട്യത്തിന് രണ്ടാം ഭാഗം അനൗണ്‍സ് ചെയ്ത് സൈജു കുറുപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഭരതനാട്യം. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഹേ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ റിലീസായതാണ് ഭരതനാട്യത്തിന് തിരിച്ചടിയായത്.

ഒ.ടി.ടി റിലീസിന് ശേഷം ഭരതനാട്യത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പേ പെര്‍ വ്യൂവിലൂടെ ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമയെന്ന നേട്ടവും ഭരതനാട്യം സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹിനിയാട്ടം എന്നാണ് രണ്ടാം ഭാഗത്തിന് നല്കിയിരിക്കുന്ന പേര്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാകുമോ അതോ പുതിയ കഥയാകുമോ എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഭരതനാട്യത്തില്‍ പ്രധാനവേഷത്തിലെത്തിയ സായ് കുമാറിന്റെ കഥാപാത്രം മരിച്ചതിനാല്‍ രണ്ടാം ഭാഗം എങ്ങനെയാകുമെന്നാണ് പലരും ചോദിക്കുന്നത്.

ശശിധരന്‍ നായര്‍ നേരിടുന്ന പുതിയ പ്രശ്‌നം എന്താകുമെന്നാണ് പലരും ചോദിക്കുന്നത്. കുടുംബത്തിലെ പുതിയ രഹസ്യം പുറത്തറിയാതെ സൂക്ഷിക്കാനുളള ശ്രമമാകും ചിത്രത്തിന്റെ കഥയെന്ന് ടൈറ്റില്‍ പോസ്റ്റര്‍ സൂചന നല്കുന്നുണ്ട്. ആദ്യഭാഗം വിജയിപ്പിക്കാനാകാത്ത പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെ കൈവിടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സൈജു കുറുപ്പിന്റെ 150ാം ചിത്രമായാണ് മോഹിനിയാട്ടം ഒരുങ്ങുന്നത്. ഹരിഹരന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളായ സൈജു കുറുപ്പ് അഭിനയ ജീവിതത്തിന്റെ 20ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കരിയറിലെ പുതിയ നാഴികക്കല്ലില്‍ സൈജു നായകനാകുന്ന ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

സൈജു കുറുപ്പും തോമസ് ടി. കുരുവിളയുമാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ ഭാഗത്തിലെ അതേ ക്രൂ തന്നെയാണ് മോഹിനിയാട്ടത്തിലും ഒന്നിക്കുന്നത്. ഭരതനാട്യം പോലെ മോഹിനിയാട്ടവും മികച്ച സിനിമയാകുമെന്നാണ് പ്രതീക്ഷ. 2026 തുടക്കത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Sequel of Bharathanatyam movie titled as Mohiniyattam

Latest Stories

We use cookies to give you the best possible experience. Learn more