| Sunday, 21st December 2025, 6:51 pm

'തിങ്കളാഴ്ച്ച നിശ്ചയം തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ വലിയ വിജയമായേനേ'; പക്ഷേ എനിക്ക് ഉറപ്പില്ലായിരുന്നു: സെന്ന ഹെഗ്‌ഡെ

ഐറിന്‍ മരിയ ആന്റണി

തിങ്കളാഴ്ച്ച നിശ്ചയം തിയേറ്ററില്‍ റിലീസാകുകയാണെങ്കില്‍ വലിയ വിജയമായി തീരുമെന്ന് പ്രേക്ഷകര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ. ഗലാട്ട പ്ലസ് ചാനല്‍ സംഘടിപ്പിച്ച ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം.

‘കൊവിഡ് സമയമായതിനാല്‍ നേരിട്ട് ഒ.ടി.ടി റിലീസായ സിനിമയാണ് തിങ്കളാഴ്ച്ച നിശ്ചയം. സിനിമ കണ്ടിട്ട് പലരും എന്റെയടുത്ത് പറഞ്ഞു, ഈ സിനിമ തിയേറ്ററില്‍ റിലീസാകുകയാണെങ്കില്‍ വലിയ വിജയം ആയി തീര്‍ന്നേനെ എന്ന്. പക്ഷേ എനിക്ക് ആ കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.

നിങ്ങള്‍ക്ക് ഒരു സിനിമ കണ്ട് എളുപ്പത്തില്‍ അങ്ങനെ പറയാന്‍ കഴിയും. പക്ഷേ ഒരു ചെറിയ ബജറ്റില്‍ താരങ്ങള്‍ ഇല്ലാതെ സിനിമ ഇറക്കുമ്പോള്‍ പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ പ്രയാസമാണ്,’ സെന്ന ഹെഗ്‌ഡെ പറയുന്നു.

കുറച്ച് സ്‌ക്രീനുകളില്‍ മാത്രമാണ് സിനിമ റിലീസ് ചെയ്തതെന്നും അങ്ങനെ ചെയ്തത് ഒരു പരീക്ഷണമായിരുന്നുവെന്നും സെന്ന കൂട്ടിച്ചേര്‍ത്തു. കുറച്ച് സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത നിലക്ക് നോക്കുമ്പോള്‍ സിനിമ വലിയ കുഴപ്പമില്ലാതെ തിയേറ്ററില്‍ ഓടിയെന്നും അദ്ദേഹം. പറഞ്ഞു.

സെന്ന ഹെഗ്ഡെ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തിങ്കളാഴ്ച്ച നിശ്ചയം. സോണി ലിവിലൂടെ ഒ.ടി.ടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വലിയ താരങ്ങളോ, ഹൈപ്പോ ഇല്ലാതെ വന്ന സിനിമ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.

രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും മികച്ച മലയാള സിനിമക്കുള്ള ദേശീയ അവാര്‍ഡും തിങ്കളാഴ്ച്ച നിശ്ചയം സ്വന്തമാക്കി.

അതേസമയം അവിഹിതമാണ് സെന്ന ഹെഗ്‌ഡെയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ ഉണ്ണി രാജ, രഞ്ജി കാങ്കോല്‍, വിനീത് ചാക്യാര്‍, ധനേഷ് കോലിയാട്ട്, രാകേഷ് ഉഷാര്‍, വൃന്ദ മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങൡലെത്തിയിരുന്നു.

Content Highlight:  Senna Hegde said the audience told him  if  Thinkalazhcha Nishchayam was released in theaters  it would be a huge success

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more