വലിയ സെറ്റുകള്‍ ഇല്ല, വലിയ താരങ്ങളോ, ഹൈപ്പോ ഇല്ല. ഒരുകൂട്ടം കലാകാരന്മാര്‍ ഒത്തുകൂടുന്ന ഒരു ചെറിയ പ്രദേശം. മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്. സെന്നാ ഹെഗ്‌ഡെയുടെ കാഞ്ഞങ്ങാടന്‍ മെയ്ഡ് സിനിമകള്‍ എങ്ങനെയാണ് ഇത്ര മനോഹരമാകുന്നത്.
കാസര്‍ഗോഡിന്റെയും കാഞ്ഞങ്ങാടിന്റെയും ഭംഗി ഒപ്പിയെടുക്കുന്ന ഫ്രെയിമുകള്‍. നമ്മളില്‍ ഒരാളായ നമ്മളില്‍ പലരും കണ്ടിട്ടുള്ള കുറെ കഥാപാത്രങ്ങള്‍. ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള സംഭവിക്കുന്ന കുറെ കാര്യങ്ങള്‍. അതാണ് Made in Kanhangad.
തിങ്കളാഴ്ച്ച നിശ്ചയം, അവിഹിതം എന്നീ ചിത്രങ്ങളുടെ കഥ നടക്കുന്നത് പ്രധാനമായും സെന്ന ഹെഗ്‌ഡെയുടെ ജന്മനാടായ, വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ്. ആ പ്രദേശവും അവിടുത്തെ തനത് ഭാഷ ശൈലിയും എല്ലാം കഥയില്‍ വന്ന് പോകാറുണ്ട്.
കാസര്‍ഗോഡ് ജില്ലക്കാരെ തന്നെ തന്റെ സിനിമകളില്‍ കാസ്റ്റ് ചെയ്യുന്നുവെന്നതും സെന്ന ഹെഗ്‌ഡെ സിനിമയുടെ ഒരു സവിശേഷതയാണ്. ഒരു ഗ്രാമവും അവിടുത്തെ വീടുകളും, തയ്യല്‍ക്കടയും, മില്ലുമൊക്കെയാണ് ‘അവിഹിത’ത്തില്‍ കാണിക്കുന്നത്. നാട്ടിന്‍പുറത്തെ ആളുകളുടെ നിഷ്ങ്കളങ്കമായ സംശയങ്ങളും ഇടുങ്ങിയ ചിന്താഗതിയെയും അദ്ദേഹം ഹ്യൂമറിലൂടെ ഈ ചിത്രത്തിലും പറഞ്ഞുവെക്കുന്നുണ്ട്.
തിങ്കളാഴ്ച്ച നിശ്ചയത്തിലെ പുരുഷാധിപത്യത്തെ ആക്ഷേപ ഹാസ്യരൂപത്തില്‍ അവതരിപ്പിച്ച സെന്ന ഹെഗ്‌ഡെ ‘അവിഹത’ത്തില്‍ പുരുഷന്മാരുടെ മാത്രം റൈറ്റല്ല അവിഹിതം എന്ന് പറയുന്നു. അവിഹിതം തെറ്റാണോ ശരിയാണോ എന്ന് പറയുന്നതിനപ്പുറം ഒരു ജെന്‍ഡറിനെ മാത്രം ഈ കാര്യത്തില്‍ പഴിക്കുന്നതിനെ വിമര്‍ശിക്കുന്നു.
തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെയാണ് സെന്ന ഹെഗ്‌ഡെ പ്രേക്ഷക പ്രീതി നേടിയത്. വലിയ താരങ്ങളോ, ഹൈപ്പോ ഇല്ലാതെ വന്ന പടം അവാര്‍ഡുകള്‍ വാരിക്കൂട്ടി. രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാനം പുരസ്‌കാരം സ്വന്തമാക്കി. ദേശീയ അവാര്‍ഡില്‍ മികച്ച മലയാള സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.
നമ്മുടെ വീടിനടുത്ത് നടക്കുന്ന ഒരു കല്യാണ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ പോലെ തിങ്കളാഴ്ച്ച നിശ്ചയത്തെ തോന്നിപ്പിച്ചു. സ്‌ക്രീനില്‍ വരുന്ന നമുക്ക് കണ്ട് പരിചിതമല്ലാത്ത അഭിനേതാക്കള്‍ പോലും സ്‌കോര്‍ ചെയ്തു.
സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ താരങ്ങള്‍ വേണമെന്ന വിശ്വാസങ്ങളെ പൊളിച്ചെഴുതി.
2022ല്‍ 1744 വൈറ്റ് ഓള്‍ട്ടോ, 2023ല്‍ പുറത്തിറങ്ങിയ പത്മിനി എന്നീ സിനിമകള്‍ സെന്നയുടെ ശ്രദ്ധിക്കപ്പെടാതെ പോയ സിനിമകളായിരുന്നു. കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, ഷറഫുദ്ദീന്‍ തുടങ്ങി വലിയ താരങ്ങള്‍ തന്നെ ഇരു ചിത്രങ്ങളിലുമുണ്ടായിരുന്നു.
എന്നാല്‍ താരങ്ങള്‍ ഇല്ലാതെ വന്ന് പടത്തില്‍ സ്‌കോര്‍ ചെയ്യുന്ന അഭിനേതാക്കളെയാണ് ‘അവിഹിത’ത്തിലും തിങ്കളാഴ്ച്ച നിശ്ചയത്തിലും നമുക്ക് കാണാന്‍ കഴിഞ്ഞത്. ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ച അത്ര സുപരിചിതരല്ലാത്ത മുഖങ്ങളായിരുന്നു അവിഹിതത്തിലെയും പല കഥാപാത്രങ്ങളും. എന്നാല്‍ സ്‌ക്രീനില്‍ വന്നവരും പോയവരുമൊക്കെ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചു.
തിങ്കളാഴ്ച്ച നിശ്ചയത്തില്‍ പരിചിതരായ മുഖങ്ങള്‍ തന്നെ അവിഹിതത്തിലും വന്നു പോകുന്നുണ്ട്. ലളിതമായ കഥ പറച്ചിലിലും കഥാപാത്രങ്ങളെ ആവിഷികരിക്കുന്നതിലും അതിന്റെ മനോഹാര്യത നിലനിര്‍ത്താന്‍ കഴിയുന്നത് തന്നെയാണ് സെന്ന ഹെഗ്‌ഡെയുടെ വിജയം.
Content highlight: Senna Hegde and his Made in Kanhangad films- Thinkalazhcha Nishchayam and Avihitham