ചെന്നൈ: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പോലീസ് പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തല്‍. മുതിര്‍ന്ന താരങ്ങളും സമ്മാനങ്ങള്‍ സ്വീകരിച്ചെന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയത്. എന്നാല്‍ മുതിര്‍ന്ന കളിക്കാര്‍ ആരൊക്കെയാണെന്ന കാര്യം ശ്രീശാന്ത് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.[]
ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണ സംഘത്തോടാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങളാണ് മുതിര്‍ന്ന കളിക്കാര്‍ സ്വീകരിച്ചതെന്നും ശ്രീശാന്ത് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ക്രിക്കറ്റ് വാതുവെപ്പ് കേസില്‍ ശ്രീശാന്തിനും, കൂട്ടാളികള്‍ക്കുമെതിരെയുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.[]
എന്നാല്‍ പിടിയിലായ ക്രിക്കറ്റ് താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കുണ്ടാകില്ലെന്നും താരങ്ങള്‍ ക്കെതിരെയുള്ള നടപടി ബി.സി.സി.ഐയുടെ അന്വേഷണത്തിന് ശേഷമായിരിക്കുമെന്നും ബി.സി.സി.ഐ ഇന്നലെ അറിയിച്ചിരുന്നു.
താരങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും ബി.സി.സി.ഐ ഒരുങ്ങുന്നുണ്ടെന്നാണ് അറിയുന്നത്. കളിക്കാര്‍ക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും, ഐ.പി.എല്‍ അഴിമതിയെ കുറിച്ച് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും ബി.സി.സി.ഐ അറിയിച്ചു.
രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ എസ്. ശ്രീശാന്ത്, അജിത് ചാന്തില, അംഗിത് ചവാന്‍ എന്നീ താരങ്ങളെയാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് പിടികൂടിയത്.